ബഫർസോൺ: എൽഡിഎഫിന്റേതു കാപട്യമെന്ന് തോമസ് ഉണ്ണിയാടൻ
Tuesday, June 28, 2022 2:25 AM IST
തൃശൂർ: സംരക്ഷിത വനത്തിനും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെ ബഫർസോൺ വേണമെന്നു മന്ത്രിസഭ തീരുമാനം എടുക്കുകയും ഇതിനായി കേന്ദ്രസർക്കാറിനെ സമീപിക്കുകയും ചെയ്ത എൽഡിഎഫ് ഇപ്പോൾ ഈ തീരുമാനത്തെ എതിർക്കുന്നതും നാട്ടിൽ ഹർത്താലും സമരവും നടത്തുന്നതും തികഞ്ഞ ചതിയും കാപട്യവുമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നാലുലക്ഷം ഏക്കറിൽനിന്ന് ഒന്നര ലക്ഷത്തോളം കൂടുംബാംഗങ്ങളെ വഴിയാധാരമാക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന തീരുമാനം എടുത്തത് 2019 ഒക്ടോബർ 23ന് പിണറായി വിജയൻ മുഖ്യമന്ത്രിയുടെ മന്ത്രിസഭയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീംകോടതി വിധി വാങ്ങിയവർ തന്നെ ആ വിധിക്കെതിരേ ഇപ്പോൾ ജനങ്ങളെ സമരത്തിനു അണിനിരത്തി സ്വയം അപഹാസ്യരാകുകയാണ്. ഒരേ സമയം തന്നെ ബഫർസോൺ വേണമെന്നും വേണ്ടായെന്നും പറയുന്നത് വൈരുദ്ധ്യാത്മക തത്വശാസ്ത്രമോ അതോ പുത്തൻ പിണറായി തന്ത്രശാസ്ത്രമോ എന്ന് അദ്ദേഹം ചോദിച്ചു.