മേയർക്കെതിരേ വിവാദ പരാമർശം:കെ. മുരളീധരനെതിരേ കേസെടുത്തു
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: തനിക്കെതിരായി അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ. മുരളീധരൻ എംപിക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കെ. മുരളീധരനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
മേയറുടെ പരാതിയിൽ പോലീസ് നിയമോപദേശവും തേടി. നിയമോപദേശം ലഭിച്ചശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യം പോലീസ് തീരുമാനിക്കും.
നഗരസഭയിലെ നികുതി തട്ടിപ്പിനെതിരേ കഴിഞ്ഞ ദിവസം കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് കെ. മുരളീധരൻ മേയർക്കെതിരായ വിവാദ പരാമർശം നടത്തിയത്.
മേയർ ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയൊക്കെയുണ്ടെങ്കിലും വായിൽനിന്നു വരുന്നത് ഭരണിപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമർശം. ആര്യയെപോലെ ഒരുപാട് പേരെ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ മഴയത്ത് തളിർത്തതാണ്, മഴ കഴിയുന്പോൾ അവസാനിച്ചോളുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
അതേസമയം മേയർക്കെതിരായ പരാമർശത്തിൽ മുരളീധരൻ ഇന്നലെ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, കേസുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് മേയർ ആര്യ രാജേന്ദ്രൻ.