കായംകുളം ബസ് സ്റ്റേഷൻ പുതുക്കാൻ 80 കോടിയുടെ പദ്ധതി
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കിഫ്ബി സഹായത്തോടെ 80 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള വിശദപഠന റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പുതിയ ബസ് ടെർമിനൽ നിർമിക്കാൻ എച്ച്എൽഎൽ നൽകിയ പ്രാഥമിക രൂപരേഖ പരിശോധിക്കുകയാണ്. ബസ് സ്റ്റേഷൻ വാണിജ്യാടിസ്ഥാനത്തിൽ പുതുക്കിപ്പണിയുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണെങ്കിലും തുക വകയിരുത്തിയിരുന്നില്ല. കായംകുളത്ത് ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് ടെർമിനൽ തനത് ഫണ്ടുപയോഗിച്ചു നിർമ്മിക്കാൻ സാന്പത്തിക സ്ഥിതി അനുകൂലമല്ല.
30 പ്രതിദിന ഷെഡ്യൂളുകൾ നടത്താനായി കായംകുളത്ത് 32 ബസുകൾ നൽകിയിട്ടുണ്ട്. 51 സർവീസുകളിൽ ഡീസൽ ചെലവ് പോലും കിട്ടുന്നില്ല. 62 എണ്ണത്തിൽ ജീവനക്കാരുടെ ശന്പളച്ചെലവ് കിട്ടില്ല.
നഷ്ടം സഹിച്ച് ഇനിയും സർവീസ് നടത്താനാകാത്തതിനാൽ നഷ്ടത്തിലോടുന്ന ട്രിപ്പുകളും സർവീസുകളും ജനോപകാരപ്രദമായി പുനഃക്രമീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ ഡീസൽ ചെലവ് വഹിച്ചാൽ ഗ്രാമങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്താനാവുമെന്നും യു. പ്രതിഭയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.