സെർവറും നെറ്റും തകരാറിൽ; റേഷൻ വിതരണം തടസപ്പെടുന്നു
Sunday, July 25, 2021 12:38 AM IST
ചങ്ങനാശേരി: സെർവറും നെറ്റും തകരാറിലാകുന്നതിനാൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ റേഷൻ വിതരണം തടസപ്പെടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രാവിലെ പത്തര മുതൽ 12 വരെയുള്ള സമയത്താണ് സെർവർ തകരാർ രൂക്ഷമാകുന്നത്.
ഇപോസ് യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെടുകയും റേഷൻ വിതരണം പ്രതിസന്ധിയിലാകുകയുമായിരുന്നു. റേഷൻ സാധനങ്ങൾക്കായി എത്തിയ കാർഡുടമകൾ സാധനങ്ങൾ ലഭിക്കാത്തതുമൂലം റേഷൻ വ്യാപാരികളുമായി തർക്കമുണ്ടാകുകയും മടങ്ങിപ്പോകുകയും ചെയ്യുന്ന സാഹചര്യമാണ്.
സെർവർ തകരാറിലായതോടെ സൗജന്യ റേഷൻ, മണ്ണെണ്ണ, സൗജന്യ കിറ്റ് ഉൾപ്പെടെയുള്ള വയുടെ വിതരണം രണ്ടുദിവസമായി തടസപ്പെട്ടിരിക്കുകയാണ്. രണ്ടു ദിവസങ്ങളിൽ ഉച്ചവരെ കോട്ടയം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പൂർണമായും റേഷൻ വിതരണം തടസപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെർവറിന്റെ തകരാറല്ല നെറ്റിന്റെ തകരാറാണു പ്രശ്ന കാരണമെന്നാണു ചില ഉദ്യോഗസ്ഥർ പറയുന്നത്. സെർവർ തകരാറാണ് കാരണമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. റേഷൻ വിതരണരംഗത്ത് കൂടെക്കൂടെയുണ്ടാകുന്ന തകരാർ സംബന്ധിച്ച് അന്വേഷണം വേണമെന്ന് റേഷൻ വ്യാപാരികളുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സെർവർ തകരാർ പരിഹരിക്കുംമന്ത്രി ജി.ആർ. അനിൽ
സെർവർ തകരാർ മൂലം റേഷൻ വിതരണം തടസപ്പെടുന്നതു സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ദീപികയോടു പറഞ്ഞു. വിഷയം സംബന്ധിച്ചു പഠിച്ചുവരികയാമെന്നും ശാശ്വതമായ പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബെന്നി ചിറയിൽ