മദ്യലഹരിക്കെതിരേ അണിചേരാൻ കെസിബിസി മദ്യവിരുദ്ധസമിതി ആഹ്വാനം
Friday, June 25, 2021 12:40 AM IST
തിരുവനന്തപുരം : മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വർധിച്ചുവരുന്ന ഉപയോഗം കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും നമ്മുടെ പ്രതീക്ഷകളിൽ മങ്ങലേൽപ്പിക്കുകയാണെന്നും ഈ തിന്മയ്ക്കെതിരേ അണിചേരാനും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരേ ഉപവാസപ്രാർഥനാദിനമായി ആചരിക്കുന്നതാണ്. അതോടൊപ്പം സർക്കാരിന്റെ മദ്യനയത്തിനെതിരേ ഗൃഹാങ്കണ പ്രതിഷേധവും മുഖ്യമന്ത്രിക്ക് കത്തുകളും ഇ-മെയിലുകളും അയയ്ക്കുവാനും യോഗം തീരുമാനിച്ചു. കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിഒസി ഡയറക്ടർ ഫാ. ജോണ് അരീക്കൽ, ഫാ. സണ്ണി മഠത്തിൽ എന്നിവർ പ്രസംഗിച്ചു.