പുതിയ ഐടി സംരംഭങ്ങൾ വഴി വാട്ടർ അഥോറിറ്റി സേവനം വീട്ടിൽ ലഭ്യമാകും: മന്ത്രി റോഷി അഗസ്റ്റിൻ
Tuesday, June 22, 2021 12:52 AM IST
തിരുവനന്തപുരം: ഭാവിയിൽ പോരാട്ടങ്ങൾ ശുദ്ധജലത്തിനുവേണ്ടിയായിരിക്കുമെന്നും അന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ കഴിയാതെ പോകുമോ എന്ന ആശങ്ക മുൻകൂട്ടി കാണാനുള്ള കരുതലും അത്തരം അവസ്ഥ സംജാതമാകാത്ത രീതിയിലുള്ള പ്രവർത്തനവുമാണ് വാട്ടർ അഥോറിറ്റിയിൽ നിന്നുണ്ടാകേണ്ടതെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
കേരള വാട്ടർ അഥോറിറ്റി സമഗ്ര വിവരസാങ്കേതികവിദ്യയിലേക്കു ചുവടു മാറുന്നതിന്റെ ഭാഗമായി ആറു പുതിയ വിവര സാങ്കേതികവിദ്യാ സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പുതിയ ഐടി സംരംഭങ്ങൾ, വീട്ടിലിരുന്നു തന്നെ എല്ലാ വാട്ടർ അഥോറിറ്റി സേവനങ്ങളും ലഭിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ്.
പുതിയ സംരംഭങ്ങളിലൂടെ സമയലാഭം, കാര്യശേഷിയിലെ വർധന, സാന്പത്തികാഭിവൃദ്ധി എന്നിവ നേടാൻ സാധിക്കും. പരാതിപരിഹാരത്തിനും സർവീസ് തടസം നേരിടുന്പോൾ എസ്എംഎസ് അറിയിപ്പു നൽകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഏറ്റവും പ്രധാനമാണെന്നും ഇതിലൂടെ കാര്യക്ഷമതയിൽ മുന്നേറാനും പൊതുജനങ്ങളുമായുള്ള മികച്ച ബന്ധം നിലനിർത്താനും കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.