സ്വർണക്കടത്ത് കേസ് : കസ്റ്റംസ് അന്വേഷണം നാലു സംഘങ്ങളായി തിരിഞ്ഞ്
Friday, July 10, 2020 12:41 AM IST
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെയും ഇവരുടെ ബിസിനസ് പങ്കാളി സന്ദീപിനെയും കണ്ടെത്തുന്നതിനായി നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായാണു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ ഇരുവരും അധികദൂരം സഞ്ചരിക്കാനിടയില്ലെന്ന നിഗമനത്തിലാണ് കസ്റ്റംസ്.
നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുമെന്നുറപ്പായപ്പോള്‍ സഹായത്തിനായി സ്വപ്ന വിളിപ്പിച്ച സംഘടനാ നേതാവിലേക്കും കസ്റ്റംസ് അന്വേഷണം വ്യാപിപ്പിച്ചു.
എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ ഇയാള്‍ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് സംഘടനാ നേതാവാണെന്നാണ് വിവരം. സ്വപ്ന സഹായം തേടിയതിനെത്തുടര്‍ന്ന് ഇയാള്‍ കസ്റ്റംസിനെ വിളിച്ചതായും സൂചനയുണ്ട്.
തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഞാറയ്ക്കലിലെ വസതിയില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.