നിശാപാർട്ടിയും ബെല്ലി ഡാൻസും: 22 പേർകൂടി അറസ്റ്റിൽ
Wednesday, July 8, 2020 1:02 AM IST
രാജകുമാരി: ശാന്തന്‍പാറ രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാ പാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തിൽ 22 പേരെക്കൂടി ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ എല്ലാം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞദിവസം ആറുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ക്രഷർ ഉടമയടക്കം 48 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം കേന്ദ്രമായുള്ള ഗ്രൂപ്പിന്റെ ചതുരംഗപ്പാറയിലെ മെറ്റൽസ് ആൻഡ് ഗ്രനൈറ്റ്സിന്റെയും തമിഴ്നാട് കന്പത്തെ മൈൻസിന്റെയും ഉദ്ഘാടനം ജൂണ്‍ 28-നാണ് നടന്നത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷണിതാക്കളും സമീപവാസികളും ഉൾപ്പെടെ മുന്നൂറോളം പേർ മദ്യസത്്കാരത്തിലും മറ്റും പങ്കെടുത്തതായാണ് വിവരം.