ചോരക്കുഴി പള്ളിയിൽ ഓർത്തഡോക്സ് പക്ഷം പ്രവേശിച്ചു
Sunday, February 16, 2020 1:02 AM IST
കൂത്താട്ടുകുളം: സഭാതർക്കം നിലനിന്നിരുന്ന ചോരക്കുഴി സെന്റ് സ്റ്റീഫൻ പള്ളിയിൽ കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്സ് പക്ഷം പ്രവേശിച്ചു. എഴുനൂറോളം യാക്കോബായ വിശ്വാസികളെ പള്ളിയിൽനിന്നു പുറത്താക്കിയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറി കുർബാന നടത്തിയത്. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാന്റെ നേതൃത്വത്തിലെത്തിയ ഓർത്തഡോക്സ് പക്ഷത്തിന് ആരാധന നടത്തുവാൻ പോലീസ് ഗേറ്റിന്റെ താഴുകൾ പൊളിച്ചുനീക്കിയാണ് സൗകര്യം നല്കിയത്.
പള്ളിയിൽനിന്നു പുറത്തുപോകാൻ തയാറാകാതിരുന്ന യാക്കോബായ വൈദികൻ ഉൾപ്പെടെ 34 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് നടപടിക്കെതിരേ വൈദിക സെക്രട്ടറി ഫാ. തോമസ് കൊച്ചുപറമ്പിൽ, ഫാ. ജോസഫ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ച് സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞതോടെ വിശ്വാസികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.