എൻജിനിയർമാർക്ക് നിരന്തരം പരിശീലനം നൽകണം
Tuesday, January 21, 2020 11:37 PM IST
കൊച്ചി: പൊതുപണം ഉപയോഗിച്ച് സംസ്ഥാനത്ത് നിർമിക്കുന്ന പൊതുമുതൽ വൈകല്യരഹിതമാക്കുന്നതിന് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ. ശാസ്ത്രീയ സർവേ ഫലങ്ങളുടെയും സാങ്കേതിക തത്വങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം നിർമിതികൾ രൂപകൽപ്പന ചെയ്യേണ്ടത്. ഇതിനായി എൻജിനീയറിംഗ് വകുപ്പുകളിലെ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്ലാനിംഗ് വിഭാഗം ശക്തിപ്പെടുത്തണമെന്നു ഭാരവഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ എൻജിനിയറിംഗ് മേൽനോട്ട വിഭാഗം തീർത്തും ദുർബലമാണ്. ആധുനിക നിർമാണ രീതിയിലെ പരിചയക്കുറവാണ് ഇതിനു കാരണം. ഇത് പരിഹരിക്കുന്നതിനായി എൻജിനീയർമാർക്ക് നിരന്തരം പരിശീലനം നൽകണം.
ഭരണാനുമതി നൽകുന്പോൾ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കരാറുകാരന് നൽകുന്ന പണത്തെ സംബന്ധിച്ച് വ്യക്തതയുണ്ടാകണമെന്നും ഇപ്പോഴുള്ള ബിൽ ഡിസ്കൗണ്ടിംഗ് രീതി പരിഷ്കരിക്കണമെന്നും അവർ പറഞ്ഞു.