ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മടക്കി അയച്ചു
Sunday, November 17, 2019 1:14 AM IST
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ പത്തിനും 50നും മധ്യേ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തേക്കു കടത്തിവിട്ടില്ല. പോലീസ് തന്നെ ഇവരുടെ പ്രായം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു മടക്കി അയയ്ക്കുകയായിരുന്നു.
നട തുറന്ന ഇന്നലെ ഉച്ചകഴിഞ്ഞു നിലയ്ക്കല്‍നിന്നു പമ്പയിലെത്തിയ സംഘത്തിലെ സംഘത്തിലെ മൂന്നു യുവതികൾക്കാണ് സന്നിധാനത്തേക്കു പോകാന്‍ അനുമതി നിഷേധിച്ചത്. ആന്ധ്രപ്രദേശിലെ വിജയവാഡ ജില്ലയില്‍നിന്നുള്ളവരായിരുന്നു ഇവര്‍. സംഘത്തിലെ പ്രായമുള്ള സ്ത്രീകളെ മല ചവിട്ടാന്‍ അനുവദിച്ചു. മറ്റുള്ളവരെ പമ്പ ഗാര്‍ഡ് റൂമില്‍ വനിതാ പോലീസ് തടഞ്ഞു. ശബരിമല ആചാരക്രമങ്ങളെ സംബന്ധിച്ചും സന്നിധാനത്തേക്കു പോയാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പോലീസ് ഇവരുമായി സംസാരിച്ചു. തുടർന്നു മല ചവിട്ടേണ്ടെന്ന നിലപാടു സ്ത്രീകള്‍ സ്വീകരിച്ചതായി പറയുന്നു.
നട തുറന്ന ഇന്നലെ മുതല്‍ നിലയ്ക്കല്‍ പോലീസ് വാഹനപരിശോധന തുടങ്ങി. നിലയ്ക്കലിലെത്തുന്ന എല്ലാ വാഹനങ്ങളില്‍നിന്നും തീര്‍ഥാടകരെ ഇറക്കി കെഎസ്ആര്‍ടിസി ബസിലാണ് പമ്പയിലേക്ക് അയയ്ക്കുന്നത്. നിലയ്ക്കല്‍ വഴി കടന്നുപോകുന്ന ബസുകളടക്കം എല്ലാ വാഹനങ്ങളിലും പോലീസ് കയറി പരിശോധന നടത്തുന്നുണ്ട്.