ആക്ടിവിസത്തിനുള്ള വേദിയല്ല ശബരിമല: മന്ത്രി കടകംപള്ളി
Saturday, November 16, 2019 12:58 AM IST
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികൾക്കു പോലീസ് സംരക്ഷണം നൽകില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം പ്രചരിപ്പിക്കാനുള്ള വേദിയല്ല ശബരിമല. ശബരിമലയിൽ കയറണമെന്നു നിർബന്ധമുള്ള യുവതികൾ, സുപ്രീംകോടതിയിൽനിന്ന് ഉത്തരവുമായി വരട്ടെ. സുപ്രീംകോടതിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്.
യുവതീപ്രവേശത്തിനു സർക്കാർ മുൻകൈയെടുത്തിട്ടില്ല. ഇനി എടുക്കുകയുമില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ ലക്ഷ്യം സ്വന്തം പ്രചാരണം മാത്രമാണ്. ഇക്കാര്യത്തിൽ നാടിന്റെ സമാധാനത്തിനായി മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും നിയമസഭയിൽ മാധ്യമങ്ങളെ കണ്ട മന്ത്രി പറഞ്ഞു.