കോന്നി പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്
Sunday, October 20, 2019 12:37 AM IST
പത്തനംതിട്ട: കോന്നിയിൽ പോരാട്ടം ഫോട്ടോ ഫിനിഷിൽ. നാളെ വോട്ടർമാർ വിധിനിർണയം നടത്തുമെങ്കിലും ഫലം പ്രവചനങ്ങൾക്കതീതമാകുമെന്നുറപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ മേൽക്കൈയുടെ പിൻബലത്തിൽ മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയ യുഡിഎഫ് പ്രചാരണം അവസാനിക്കുന്പോഴും ആത്മവിശ്വാസം കൈവിട്ടില്ല.
സംഘടനാരംഗത്തു കരുത്തു തെളിയിച്ചിട്ടുള്ള പി. മോഹൻരാജിനൊപ്പം മുൻ കോന്നി എംഎൽഎ അടൂർ പ്രകാശ് കൂടി രംഗത്തിറങ്ങിയപ്പോൾ മണ്ഡലം നിലനിർത്തിയേ മതിയാകൂവെന്ന ഘട്ടത്തിലാണ് പ്രചാരണ സമാപനം. അടൂർ പ്രകാശ് ഇല്ലാത്ത മണ്ഡലം യുവസാരഥിയിലൂടെ വേഗത്തിൽ കൈപ്പിടിയിലാകുമെന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. കെ.യു. ജനീഷ് കുമാറിന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലംകാരനായ ഒരു ഭരണകക്ഷി എംഎൽഎയെ കോന്നിക്കു ലഭിക്കാൻ ഒരവസരം എന്നതായിരുന്നു അവസാനഘട്ട പ്രചാരണത്തിൽ മുന്നോട്ടുവച്ച തന്ത്രം. പക്ഷേ, യുഡിഎഫിനൊപ്പം ബിജെപിയുടെ വെല്ലുവിളി പരന്പരാഗത എൽഡിഎഫ് വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കുമോയെന്ന ആശങ്ക ഇല്ലാതില്ല.
ആഞ്ഞുപിടിച്ചാൽ കോന്നി കൂടെപ്പോരുമെന്നു കരുതി ആറുമാസത്തിനുള്ളിൽ കെ. സുരേന്ദ്രനെ രണ്ടാമതൊരങ്കത്തിനിറക്കി ചരിത്രമെഴുതാനെത്തിയ ബിജെപിയും നേരിടുന്നതു കടുത്ത വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കാട്ടിയ ശക്തി ഇത്തവണ പ്രകടിപ്പിക്കാനാകുമോയെന്നത് അവസാനഘട്ടത്തിൽ ചോദ്യമായി ഉയർന്നു. സ്ഥാനാർഥിയുടെ മികവാണ് പ്രചാരണം അവസാനിക്കുന്പോഴും എൻഡിഎ പക്ഷത്തിന് എടുത്തുകാട്ടാനുണ്ടായിരുന്നത്.
രാഷ്ട്രീയത്തിനതീതമായി സാമുദായികമായ ചേരിതിരിവുകളും അടിയൊഴുക്കുകളുമാണ് കോന്നിയെ അവസാനനിമിഷത്തിൽ പിടിച്ചുലച്ചിരിക്കുന്നത്. വികസനവും രാഷ്ട്രീയവും പറഞ്ഞ് ആരംഭിച്ച പോരാട്ടം ജാതി സമവാക്യങ്ങളിലേക്കു തിരിഞ്ഞു.
പരന്പരാഗതമായി മൂന്നു മുന്നണികളും സ്വന്തമാക്കിവച്ചിരുന്ന വോട്ടുകളിൽ വിള്ളൽ വീഴുമെന്നുറപ്പായതാണു ഫലം പ്രവചനാതീതമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ ധ്രുവീകരണത്തിനും അപ്പുറത്തേക്കു വോട്ടുകൾ തിരിഞ്ഞുമറിയാനുള്ള സാധ്യതകൾ കണ്ടുകൊണ്ടാണ് പ്രചാരണം കൊടിയിറങ്ങിയിരിക്കുന്നത്.
പരസ്യപ്രചാരണം അവസാനിച്ചെങ്കിലും അടുത്ത മണിക്കൂറുകളിൽ മണ്ഡലത്തിലുണ്ടായേക്കാവുന്ന അടിയൊഴുക്കുകളുടെ ആശങ്കയിലും പ്രതീക്ഷയിലുമാണ് മൂന്നു മുന്നണികളും.