കവളപ്പാറ: ഇന്നലത്തെ തെരച്ചിലിലും ആരെയും കണ്ടെത്തിയില്ല
Friday, August 23, 2019 1:05 AM IST
എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായി വ്യാഴാഴ്ച നടത്തിയ തെരച്ചിലിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടത്തിയ തെരച്ചിലിലും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നില്ല. പതിനൊന്നു മൃതദേഹങ്ങളാണ് ദുരന്ത ഭൂമിയിൽ നിന്ന് ഇനി കണ്ടെടുക്കാനുള്ളത്.
ദുരന്തം നടന്നു പതിനാലാം ദിവസമാണ് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നത്. പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഇതുവരെ തെരച്ചിൽ നടത്താത്ത സ്ഥലങ്ങളിലാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ദുരന്ത സ്ഥലത്ത് മഴ പെയ്തിരുന്നു.
മഴയെത്തുടർന്നു മണ്ണുമാന്തി യന്ത്രങ്ങൾ മണ്ണിൽ താഴുന്നത് പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ചു യന്ത്രങ്ങൾ ചെളിയിൽ താഴ്ന്ന് പ്രവർത്തനം തടസപ്പെട്ടിരുന്നു. മറ്റു യന്ത്രങ്ങൾ എത്തിച്ചാണ് ഇവ കുഴികളിൽ നിന്നു കയറ്റിയത്. തുടക്കത്തിൽ നാട്ടുകാരുടെയും കാണാതായവരുടെ ബന്ധുക്കളുടെയും നിർദേശ പ്രകാരം വീടുകൾ മണ്ണിനോടൊപ്പം ഒഴുകിയെത്തിയെന്നു കരുതിയ സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തിയത്.
ദുരന്ത ഭൂമിയിൽ മിക്ക ഭാഗങ്ങളിലും മണ്ണ് ഇളക്കി മറിച്ചിട്ടിരിക്കുകയാണ്. തെരച്ചിൽ നടത്തിയതും നടത്താത്തതുമായ സ്ഥലങ്ങൾ ഏതെന്ന് ഇപ്പോൾ മനസിലാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇതു മൃതദേഹങ്ങൾ കണ്ടെത്തുന്നതിനു തടസമാകുന്നുണ്ട്. ഇനിയും തെരച്ചിൽ തുടരുമെന്നാണ് അധികൃതർ പറയുന്നത്.