അവിശ്വാസം പാസായി, കണ്ണൂർ കോർപറേഷൻ യുഡിഎഫിന്
Saturday, August 17, 2019 11:51 PM IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ കോർപറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിക്കുകയും എൽഡിഎഫ് പിന്തുണയോടെ ഡപ്യൂട്ടി മേയറാകുകയും ചെയ്ത പി.കെ. രാഗേഷിന്റെ നിർണായക വോട്ടാടെ 28 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. യുഡിഎഫിന് 28 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന് 26 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ മൂന്നുവർഷവും ഒൻപതുമാസവും പിന്നിട്ട എൽഡിഎഫിന്റെ കോർപറേഷൻ ഭരണത്തിന് തിരശീല വീണു. മൂന്നാഴ്ചയ്ക്കുശേഷം മേയർ തെരഞ്ഞെടുപ്പ് നടക്കും.
അതുവരെ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷ് ആക്ടിംഗ് മേയറായി തുടരും. യുഡിഎഫിലെ ധാരണയനുസരിച്ച് ആദ്യടേം മേയർസ്ഥാനം കോൺഗ്രസിനാണ്. സുമാ ബാലകൃഷ്ണനാണ് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി. രണ്ടാം ടേമിൽ ലീഗിനാണ് മേയർസ്ഥാനം. എന്നാൽ ഡെ പ്യൂട്ടി മേയർ സ്ഥാനം രാഗേഷിനുതന്നെയായിരിക്കും. വരണാധികാരിയായ കണ്ണൂർ കളക്ടർ ടി.വി. സുഭാഷിന്റെ മേൽനോട്ടത്തിൽ രാവിലെ ഒൻപതിന് ആരംഭിച്ച അവിശ്വാസപ്രമേയ ചർച്ച ഉച്ചകഴിഞ്ഞ് രണ്ടിന് വോട്ടെടുപ്പോടെയും ഫലപ്രഖ്യാപനത്തോടെയും സമാപിക്കുകയായിരുന്നു.
പ്രതിപക്ഷനേതാവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ യുഡിഎഫിലെ ടി.ഒ. മോഹനൻ നേരത്തെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് നൽകിയ അവിശ്വാസപ്രമേയം കളക്ടർ കൗൺസിലിൽ വായിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. തുടർന്ന് ഇതിൻമേൽ ചർച്ചകൾ നടന്നു. വീണു കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന യുഡിഎഫ് കൗൺസിലർ ഭാരതി പ്ലാസ്റ്റർ ഇട്ടുകൊണ്ടാണ് വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയത്.