മെഗാ ഹിറ്റ് ;രോഹിത്തിന്റെ 32-ാം ഏകദിന സെഞ്ചുറിയി ലൂടെ ഇന്ത്യക്കു ജയം
Monday, February 10, 2025 12:18 AM IST
കട്ടക്ക്: സൂപ്പർ മെഗാ ഹിറ്റുമായി ഹിറ്റ്മാൻ രോഹിത് ശർമ മുന്നിൽനിന്നു പോരാട്ടം നയിച്ചപ്പോൾ ഇംഗ്ലണ്ടിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കു നാലു വിക്കറ്റ് ജയം. രാജ്യാന്തര ഏകദിനത്തിൽ 32-ാം സെഞ്ചുറി കുറിച്ച രോഹിത് 90 പന്തിൽ ഏഴ് സിക്സും 12 ഫോറും അടക്കം 119 റണ്‍സ് നേടി. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 305 റണ്‍സ് എന്ന ലക്ഷ്യം 33 പന്തും നാലു വിക്കറ്റും ബാക്കിനിർത്തി ഇന്ത്യ സ്വന്തമാക്കി. 300+ റണ്‍സ് 21-ാം തവണയാണ് ഇന്ത്യ പിന്തുടർന്നു ജയിക്കുന്നത്.
ബാറ്റിംഗ് ഫോമിന്റെ പേരിൽ വിമർശനത്തിനു പാത്രമായ രോഹിത്തിന്റെ സെഞ്ചുറിയിലൂടെയുള്ള മറുപടിയായിരുന്നു കട്ടക്ക് ബാരാബതി സ്റ്റേഡിയത്തിൽ കണ്ടത്. ഇതോടെ മൂന്നു മത്സര പരന്പര ഇന്ത്യ 2-0ന് ഉറപ്പാക്കി. മൂന്നാം ഏകദിനം ബുധനാഴ്ച നടക്കും.
ഐസിസി ചാന്പ്യൻസ് ട്രോഫിക്കു മുന്‍പായി ഇന്ത്യയുടെ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമടങ്ങുന്ന ബാറ്റിംഗ് നിര ഫോമിലാണെന്നു തെളിയിക്കുന്നതായിരുന്നു മത്സരം. രോഹിത്-ഗിൽ ഓപ്പണിംഗ് കൂട്ടുകെട്ട് 16.4 ഓവറിൽ 136 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. ഓപ്പണിംഗ് ഇറങ്ങിയതിൽ രോഹിത്-ശുഭ്മാൻ സഖ്യത്തിന്റെ ആറാമത് സെഞ്ചുറി കൂട്ടുകെട്ടാണിത്.
കോഹ്ലി നിരാശപ്പെടുത്തി
ഫോറടിച്ച് സ്കോറിംഗ് തുടങ്ങിയെങ്കിലും വിരാട് കോഹ്ലിക്കു രണ്ടക്കം കടക്കാൻ സാധിച്ചില്ല. എട്ടു പന്തിൽ അഞ്ചു റണ്‍സുമായി കോഹ്ലി മടങ്ങി. എന്നാൽ, നാലാം നന്പറായി എത്തിയ ശ്രേയസ് അയ്യർ 47 പന്തിൽ 44 റണ്‍സ് നേടി. ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ഇന്നലെയും കാഴ്ചവച്ചത്. അഞ്ചാം നന്പറായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്സർ പട്ടേൽ 43 പന്തിൽ 41 റണ്‍സുമായി പുറത്താകാതെ നിന്നു. കെ.എൽ. രാഹുൽ (10), ഹാർദിക് പാണ്ഡ്യ (10) എന്നിവർക്കു തിളങ്ങാനായില്ല. രവീന്ദ്ര ജഡേജ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്പോൾ ഫ്ളെഡ്ലൈറ്റ് പണിമുടക്കി. അതോടെ മത്സരം താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. 18 പന്തിൽ 29 റണ്‍സുമായി രോഹിത് ശർമയും 19 പന്തിൽ 17 റണ്‍സുമായി ശുഭ്മാൻ ഗില്ലും തകർത്തടിച്ചു മുന്നേറുകയായിരുന്നു അപ്പോൾ.
ജോ റൂട്ട്, ബെൻ ഡക്കറ്റ്
ഓപ്പണർ ബെൻ ഡക്കറ്റ് (65), മൂന്നാം നന്പറായ ജോ റൂട്ട് (69) എന്നിവരുടെ അർധസെഞ്ചുറിയും ലിയാം ലിവിംഗ്സ്റ്റണിന്റെ (32 പന്തിൽ 41) ഫിനിഷിംഗുമാണ് ഇംഗ്ലീഷ് സ്കോർ 300 കടത്തിയത്. 7.5 ഓവറിൽ 66 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്. ഒരു വിക്കറ്റ് മാത്രമേ ഷമിക്കു നേടാനായുള്ളൂ.