മെഡല്‍ നിറയ്ക്കാന്‍ അവര്‍ വരുന്നു
Thursday, February 6, 2025 4:06 AM IST
ഡെറാഡൂൺ: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആവനാഴിയില്‍ മെഡൽ എണ്ണം കൂട്ടാന്‍ അത്ലറ്റിക്സ് ടീം ഇന്നു ഡെറാഡൂണിൽ പറന്നിറങ്ങും. നെടുമ്പാശേരിയില്‍ രാവിലെ 6.10നുള്ള വിമാനത്തില്‍ 20 പേരടങ്ങുന്ന സംഘമാണ് ആദ്യം പുറപ്പെടുക.
പിന്നാലെ രണ്ട് വിമാനങ്ങളിലായി മറ്റ് ടീം അംഗങ്ങളും പുറപ്പെടും. എട്ട് മുതലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.പകുതി ഇനങ്ങളിലും കേരളം പങ്കെടുക്കുന്നില്ലെങ്കിലും മെഡല്‍ പ്രതീക്ഷയില്‍ ഒട്ടും പിന്നിലല്ല. ആകെ 24 മത്സര ഇനങ്ങളാണ് അത്ലറ്റിക്സ് വിഭാഗത്തിലുള്ളത്. ഇതില്‍ 12 ഇനങ്ങളില്‍ മാത്രമേ കേരളം പങ്കെടുക്കുന്നുള്ളൂ. ഓഫ് സീസണ് ആയതിനാല്‍ മികച്ച താരങ്ങള്‍ പലരും പിന്മാറിയതാണ് ഇതിന്റെ കാരണം.
52 താരങ്ങളും ആറു പരിശീലകരും ഏഴു മാനേജര്‍മാരും അടക്കം 65 അംഗങ്ങളാണ് കേരളത്തിന്റെ അത്ലറ്റിക്സ് സംഘത്തിലുള്ളത്.
തിരുവനന്തപുരം കാര്യവട്ടത്ത് 14 ദിവസ ക്യാമ്പിനുശേഷമാണ് താരങ്ങൾ ഡെറാഡൂണിൽ എത്തിയത്. പലരും കരിയറിലെ മികച്ച സമയവും ദൂരവുമാണ് കുറിച്ചിട്ടുള്ളത്. പുരുഷന്മാരുടെ 800 മീറ്ററില്‍ റിജോ ബിജോയി, വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ സാന്ദ്രാ തോമസ്, എൻ.വി. ഷീന, വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്സൺ, കൃഷ്ണ രാജന്, പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മുഹമ്മദ് മുഹസിന്, ലോംഗ്ജംപില് സി.വി. അനുരാഗ്, പുരുഷന്മാരുടെ 100 മീറ്റര്‍ ഹർഡില്‍സില്‍ റാഹില്‍ സക്കീർ, വനിതകളുടെ 400 മീറ്ററിര്‍ കെ. സ്നേഹ എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്.
ഉത്തരാഖണ്ഡിലെ ശൈത്യകാലാവസ്ഥ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ടീമിനുള്ളത്.
ഗോവന്‍ ഗെയിംസില്‍ മൂന്നു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവും അടക്കം 13 മെഡലുകൾ കേരള അത്ലറ്റിക്സ് ടീം നേടിയിരുന്നു.
തൈക്വാണ്ടോയില്‍ മെഡല്‍ പ്രതീക്ഷ
ഡെറാഡൂൺ: മെഡല്‍ പ്രതീക്ഷയോടെ തൈക്വാണ്ടായില് കേരളം ഇന്നിറങ്ങും. തൈക്വാണ്ടോ ക്യറൂഗിയില് 57 കിലോ ഗ്രാം വിഭാഗത്തില്‍ കെ.എ. എബിന മത്സരിക്കും. ദേശീയ തലത്തില്‍ മൂന്നാം റാങ്കുകാരിയാണ് എബിന. കഴിഞ്ഞ ദേശീയ മത്സരത്തില്‍ വെങ്കലം നേടിയിരുന്നു. വനിതാ പൂംസെയില്‍ ഗോവന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് ലയ ഫാത്തിമയും ഇന്നിറങ്ങും.