സ്വർണപ്പരപ്പ്... തുഴച്ചിലിലൂടെ സ്വർണം അടക്കം നാലു മെഡൽ
ഡെറാഡൂണില്‍നിന്ന് അനില്‍ തോമസ്
Thursday, February 6, 2025 4:06 AM IST
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത അണക്കെട്ടായ തെഹ്രിയിലെ ഒളപ്പരപ്പുകളില് മെഡലുകള്‍ വാരി കേരളത്തിന്റെ റോവിംഗ് ടീം. ഇന്നലെ തോണിയിറക്കിയ അഞ്ച് ഫൈനലിലും കേരളം മെഡലുകള്‍ വാരിക്കൂട്ടി. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് റോവിംഗില്‍ നിന്ന് മാത്രം കേരളം ഇന്നലെ നേടിയത്.
വനിതകളുടെ കോസ്ലെസ് ഫോറിലായിരുന്നു സ്വര്‍ണം നേട്ടം. റോസ് മറിയ ജോഷി, കെ.ബി. വര്‍ഷ, പി.ബി. അശ്വതി, വി.എസ്. മീനാക്ഷി എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്കു തുഴയെറിഞ്ഞത്. 7.33.1 മിനിറ്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.
വനിതകളുടെ ഡബിള്‍ സ്കള് ഇനത്തിലും വനിതകളുടെ കോസ്ലെസ് പെയര്‍ ഇനത്തിവുമാണ് വെള്ളി നേട്ടം. ഡബിള്‍ സ്കള്ളില്‍ കെ. ഗൗരിനന്ദ, സാനിയ ജെ. കൃഷ്ണ എന്നിവരടങ്ങിയ ടീം 7.59.8 മിനിറ്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ 8.18.5 മിനിറ്റിലായിരുന്നു കോസ്ലെസ് പെയറില്‍ കേരളത്തിന്റെ വെള്ളി നേട്ടം. ബി. വിജിന മോള്, അലീന ആന്റോ എന്നിവരാണ് പെയറിൽ മത്സരിച്ചത്.
അന്ന ഹെലൻഡ ജോസഫ്, കെ. ഗൗരി നന്ദ, സാനിയ ജെ. കൃഷ്ണ, അശ്വനി കുമാരന് എന്നിവര്‍ മത്സരിച്ച വനിതാ ക്വാഡ് സ്കള്‍സ് വിഭാഗത്തിലാണ് വെങ്കലം. കേരളം മത്സരിച്ച മറ്റൊരു ഫൈനല്‍ ഇനമായ വനിതാ വിഭാഗം സ്കള്‍സ് ഡബിള്‍സ് ലൈറ്റ് വെയ്റ്റ് ഇനത്തില്‍ മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഗോവ ദേശീയ ഗെയിംസില്‍ റോവിംഗില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും അടക്കം മൂന്ന് മെഡലുകളാണ് കേരളം നേടിയത്. ഇത്തവണ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും അടക്കം മെഡല്‍ നേട്ടം നാലായി ഉയര്‍ത്താന്‍ കഴിഞ്ഞു.
ബീച്ച് വോളിയില്‍ നിലതെറ്റി
കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ പ്രവേശിച്ച കേരള പുരുഷ, വനിതാ ബീച്ച് വോളിബോള്‍ ടീം സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ പോണ്ടിച്ചേരിയോടായിരുന്നു വനിതകൾ പരാജയപ്പെട്ടത്. സ്കോര്‍: 21-10,21-16. പുരുഷ വിഭാഗത്തില്‍ കേരളം ഗോവയോട് പരാജയപ്പെട്ടു പുറത്തായി, 21-15,21-19.
സൈക്ലിംഗ്, ബോക്സിംഗ് നിരാശ
സൈക്ലിംഗ് ഇനമായ വനിതകളുടെ എലൈറ്റ് കീറിന് വിഭാഗത്തില്‍ കേരളത്തിന്റെ ദിവ്യ ജോയ് നാലാമതായി ഫിനിഷ് ചെയ്തു. ആന്‍ഡമാന്റെ സെലിസ്റ്റാനക്കാണ് സ്വര്‍ണം. 92+ വിഭാഗം ബോക്സിംഗില്‍ മുഹ്സിന് ക്വാര്‍ട്ടറില്‍ പുറത്തായി.