ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
Wednesday, January 8, 2025 11:48 PM IST
റാഞ്ചി: അവസാന രണ്ടുദിനങ്ങളിലെ കുതിപ്പിലൂടെ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ഓവറോൾ കിരീടം കേരളത്തിന്റെ ചുണക്കുട്ടികൾ റാഞ്ചി.
ജാർഖണ്ഡിലെ റാഞ്ചി ബിർസാ മുണ്ടാ സ്റ്റേഡിയത്തിൽ ഇന്നലെ സമാപിച്ച 68-ാമത് സീനിയർ സ്കൂൾ അത്ലറ്റിക്സിൽ ആറു സ്വർണം, ആറു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ മെഡൽ സ്വന്തമാക്കി, 138 പോയിന്റോടെയാണ് കേരളം ഓവറോൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
മീറ്റിന്റെ ആദ്യദിനത്തിൽ സ്വർണ വരൾച്ചയാൽ വേദനിച്ച കേരളതാരങ്ങൾ രണ്ടാംദിനം മുതൽ തങ്കമണിഞ്ഞു തുടങ്ങി. മൂന്നാംദിനം മൂന്നു സ്വർണവും അവസാനദിനമായ ഇന്നലെ രണ്ടു സ്വർണവും കേരളതാരങ്ങൾ അക്കൗണ്ടിലെത്തിച്ചു.
കലാശക്കൊട്ട് ദിനമായ ഇന്നലെ രണ്ടു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ നാലു മെഡൽ സ്വന്തമാക്കി. ഇന്നലെ 4x400 മീറ്റർ റിലേയിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിൽ കേരള താരങ്ങൾ സ്വർണവുമായി ഓടിക്കയറി.
പെണ്‍കുട്ടികളിൽ ജെ.എസ്. നിവേദ്യ, ജോബിന ജോബി, എം. ജ്യോതിക, കെ.കെ. അൽനാ സത്യൻ എന്നിവരാണ് കേരളത്തിനായി ബാറ്റണുമായി കുതിച്ചത്. മുഹമ്മദ് അഷ്ഫാഖ്, എം.ഐ. ഷമീൽ ഹുസൈൻ, സി. വിജയ്, ജസീം ജെ. റസാഖ് എന്നിവർ ആണ്‍കുട്ടികളുടെ റിലേയിൽ കേരളത്തിനു സ്വർണം സമ്മാനിച്ചു.
പെണ്‍കുട്ടികളുടെ 4x100 മീറ്ററിൽ റിലേയിൽ അൽഫോൻസാ ട്രീസാ ടെറിൻ, എച്ച്. അമാനിക, രഹ്നാ രഘു, ആദിത്യ അജി എന്നിവരടങ്ങിയ സംഘം വെള്ളിനേട്ടം സ്വന്തമാക്കി. ഇതേയിനത്തിൽ ആണ്‍കുട്ടികൾ വെങ്കലത്തിന് ഉടമകളായി. സി.വി. മുഹമ്മദ് ഷമീൽ, അബ്ദുള്ള ഷുനീസ്, കെ.എം. സൈനുൽ അബ്ദീൻ, യാദവ് കൃഷ്ണൻ എന്നിവരാണ് 4x100 മീറ്റർ റിലേയിൽ കേരളത്തിനായി ട്രാക്കിലെത്തിയത്.
സുവർണ താരങ്ങൾ
മീറ്റിന്റെ മൂന്നാംദിനം ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡ് കുട്ടമത്ത് സ്കൂളിലെ കെ.സി. സർവാൻ (59.02 മീറ്റർ), ആണ്‍കുട്ടികളുടെ ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ജിഎച്ച്എസ്എസിലെ ജുവൽ തോമസ് (2.08 മീറ്റർ), പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിലിന്റെ ജീനാ ബേസിൽ (3.35 മീറ്റർ) എന്നിവർ കേരളത്തിന് സ്വർണം സമ്മാനിച്ചിരുന്നു.
ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ശിവദേവ് രാജീവ് (മാർ ബേസിൽ), 400 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് അഷ്ഫാഖ് (തിരുവനന്തപുരം ജിവി രാജ), ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ മുഹമ്മദ് സുൽത്താൻ (മലപ്പുറം ഐഡിയൽ സ്കൂൾ), പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ ഹെനിൻ എലിസബത്ത് (കാസർഗോഡ് കുട്ടമത്ത്) എന്നിവർ മൂന്നാംദിനം വെള്ളി നേടിയിരുന്നു.
പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എം. ജ്യോതിക (പറളി സ്കൂൾ), ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ഇ.കെ. മാധവ് (മാർ ബേസിൽ) എന്നിവർ മൂന്നാംദിനം വെങ്കലത്തിലുമെത്തി.
രണ്ടാംദിനം കേരളത്തിന് രണ്ടു മെഡലായിരുന്നു ലഭിച്ചത്. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്കൂളിലെ ആദിത്യ അജി (14.57 സെക്കൻഡ്) രണ്ടാംദിനം കേരളത്തിനു സ്വർണം സമ്മാനിച്ചു.
കേരളത്തിന്റെ അക്കൗണ്ടിലെത്തിയ ആദ്യ സ്വർണമായിരുന്നു അത്. പെണ്‍കുട്ടികളുടെ 400 മീറ്ററിൽ പറളി സ്കൂളിലെ എം. ജ്യോതികയുടെ വെള്ളിയും രണ്ടാംദിനം കേരളത്തിന് ആശ്വാസമായി. മൂന്നാംദിനം 400 മീറ്റർ ഹർഡിൽസിലെ വെങ്കലത്തിലൂടെ ജ്യോതിക ഇരട്ടമെഡൽ നേട്ടത്തിലെത്തി.
പെണ്‍കുട്ടികളുടെ ഹാമർത്രോയിൽ മലപ്പുറം ആലത്തിയൂർ സ്കൂളിലെ സുഹൈമ നിലോഫയുടെ വെങ്കലമായിരുന്നു മീറ്റിന്റെ ആദ്യദിനത്തിൽ കേരളത്തിന്റെ അക്കൗണ്ടിലെ ഏക മെഡൽ.
പോയിന്റ് പട്ടിക
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്
കേരളം 138
മഹാരാഷ്ട്ര 123
തമിഴ്നാട് 104
ഹരിയാന 91
കർണാടക 85