ചരിത്രം കുറിച്ച് അഫ്ഗാൻ
Monday, January 6, 2025 11:05 PM IST
ബുലുവയോ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഒന്നിലധികം മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരന്പര ആദ്യമായി നേടി അഫ്ഗാൻ ചരിത്രമെഴുതി. സിംബാബ്വേയ്ക്കെതിരേ രണ്ടു മത്സരങ്ങളടങ്ങുന്ന എവേ ടെസ്റ്റിൽ 1-0ന്റെ ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്.
2017ൽ ടെസ്റ്റ്പദവി നേടിയശേഷം അഫ്ഗാനിസ്ഥാൻ നേടുന്ന നാലാമത്തെ മാത്രം ജയമാണിത്. രണ്ടാം തവണയാണു സിംബാബ്വേയ്ക്കെതിരേ അഫ്ഗാൻ രണ്ടു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരന്പരയിൽ പങ്കെടുക്കുന്നത്. 2021ൽ യുഎഇയിലായിരുന്നു ആദ്യത്തേത്. അന്ന് മത്സരം 1-1ന് സമനിലയായിരുന്നു.
2024-25 ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം സമനിലയായിരുന്നു. രണ്ടാം മത്സരത്തിൽ 72 റണ്‍സിന്റെ ജയമാണ് അഫ്ഗാൻ നേടിയത്. 278 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വേ 205 റണ്‍സിന് ഓൾഔട്ടായി.
സ്കോർ: അഫ്ഗാനിസ്ഥാൻ 157, 363. സിംബാബ്വേ 243, 205.
രണ്ടാം ഇന്നിംഗ്സിൽ കരിയറിലെ മികച്ച ബൗളിംഗ് കാഴ്ചവച്ച റഷീദ് ഖാന്റെ (27.3-3-66-7) പ്രകടനമാണ് അഫ്ഗാനു ജയമൊരുക്കിയത്. മത്സരത്തിലാകെ 160 റണ്‍സ് വഴങ്ങി 11 വിക്കറ്റുകളാണു താരം സ്വന്തമാക്കിയത്. ആവേശകരമായ അവസാന ദിനം വെറും 13 മിനിറ്റിൽ 15 പന്തിനുള്ളിൽ അഫ്ഗാൻ ജയം സ്വന്തമാക്കി.
278 റണ്‍സ് പിന്തുടർന്ന സിംബാബ്വേ നാലാം ദിനം എട്ടു വിക്കറ്റിന് 205 എന്ന നിലയിലായിരുന്നു. അർധ സെഞ്ചുറിയുമായി ക്രെയ്ഗ് ഇർവിനും (53), റിച്ചാർഡ് എൻഗാരവയും (3) അവസാനം ദിനം ക്രീസിലെത്തി. റഷിദ് ഖാൻ എറിഞ്ഞ ആദ്യ ഓവറിൽ എൻഗാരവ പുറത്താകേണ്ടതായിരുന്നു. 67-ാം ഓവറിന്റെ നാലാം പന്ത് എൻഗാരവ നൽകിയ ക്യാച്ച് ഹഷ്മതുള്ള ഷാഹിദ് നഷ്ടമാക്കി. അപ്പോഴും സിംബാബ്വേയുടെ സ്കോർബോർഡ് അഞ്ചാം ദിനം തുറന്നിരുന്നില്ല.
അടുത്ത ഓവർ നേരിടാനെത്തിയ നായകൻ ക്രെയ്ഗ് ഇർവിന്, യാമിൻ അഹമ്മദ്സായി എറിഞ്ഞ ഓവറിലെ ആദ്യ രണ്ടു പന്തിലും റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ എൻഗാരവ റണ്ണൗട്ടായി. മൂന്നാം റണ്ണിനുള്ള ശ്രമമാണു റണ്ണൗട്ടിൽ കലാശിച്ചത്. അവസാന ബാറ്ററായ ബ്ലെസിംഗ് മുസാരബാനി മൂന്നു പന്തും പ്രതിരോധിച്ചു. റഷീദ് ഖാൻ വീണ്ടും തിരിച്ചെത്തി. നേരിടുന്നത് ഇർവിനും.
സിംബാബ്വേ അഞ്ചാം ദിനത്തിൽ അപ്പോഴും സ്കോർ തുറന്നിട്ടില്ല. ആദ്യ രണ്ടു പന്തും ഇർവിൻ കളിക്കാതെ വിട്ടു. മൂന്നാം പന്തിൽ റഷീദ് ഖാൻ സിംബാബ് വേ നായകനെ വിക്കറ്റിനു മുന്നിൽ കുരുക്കി. അഫ്ഗാൻ ആദ്യമായി ഒരു മൾട്ടി ടെസ്റ്റ് പരന്പര സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ 86ന്റെ ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സിൽ റഹ്മത് ഷാ (139), അരങ്ങേറ്റക്കാരൻ ഇസ്മത് ആലം (101) എന്നിവരുടെ സെഞ്ചുറിയാണ് അഫ്ഗാനെ ജയിക്കാനുള്ള സ്കോറിലെത്തിച്ചത്.