‘ഒളിന്പിക് മുത്തശി’ ഓർമയായി...
Friday, January 3, 2025 12:36 AM IST
ബുഡാപെസ്റ്റ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള ഒളിന്പിക് മെഡൽ ജേതാവായിരുന്ന ആഗ്നസ് കെലെറ്റി (103) അന്തരിച്ചു. ബുഡാപെസ്റ്റിലായിരുന്നു അന്ത്യം. ന്യൂമോണിയയെത്തുടർന്നു ഡിസംബർ 25 മുതൽ ആശുപത്രിയിലായിരുന്നു. ജിംനാസ്റ്റിക്സിൽ അഞ്ചു സ്വർണം ഉൾപ്പെടെ 10 ഒളിന്പിക് മെഡൽ നേടിയ താരമാണ് ആഗ്നസ്.
1952 ഹെൽസിങ്കി ഒളിന്പിക്സിൽ ഒരു സ്വർണം, ഒരു വെള്ളി, രണ്ടു വെങ്കലം എന്നിങ്ങനെയും 1956 മെൽബണ്‍ ഒളിന്പിക്സിൽ നാലു സ്വർണവും രണ്ടു വെള്ളിയും ആഗ്നസ് കെലെറ്റി സ്വന്തമാക്കി. 1956 മെൽബണ്‍ ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ (ആറ്) സ്വന്തമാക്കിയതിന്റെ റിക്കാർഡ് റഷ്യൻ ഇതിഹാസ ജിംനാസ്റ്റ് ലാറിസ ലാറ്റിനിനയ്ക്കൊപ്പം പങ്കിട്ടു.
ഹിറ്റ്ലറിന്റെ ക്രൂരത അതിജീവിച്ചവൾ
രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ജൂതന്മാരെ കൊന്നൊടുക്കുന്ന ഹിറ്റ്ലറിന്റെ നാസി ക്രൂരതയെ അതിജീവിച്ചവളാണ് ആഗ്നസ്. ജൂതന്മാരെ ഉന്മൂലനം ചെയ്യാനുള്ള ഹിറ്റ്ലറിന്റെ ആഹ്വാനം അതിജീവിച്ച ഏറ്റവും ശ്രദ്ധേയയായ കായിക താരമാണ്.
1941ൽ ഹംഗറിയിൽ ഒളിവിൽ കഴിഞ്ഞ ആഗ്നസ്, മറ്റൊരു പേരിൽ വീട്ടു ജോലി ചെയ്താണ് കറുത്ത ദിനങ്ങൾ അതിജീവിച്ചത്.
ഹംഗറിയിലെ നാസി സഹായികളുടെ കണ്ണിൽപ്പെടാതെ ആഗ്നസിന്റെ അമ്മയും സഹോദരിയും മാത്രമാണ് രക്ഷപ്പെട്ടത്. ആഗ്നസിന്റെ അച്ഛനെയും മറ്റു ബന്ധുക്കളെയും ഓഷ്വിറ്റ്സിലെ കോണ്സെൻട്രേഷൻ ക്യാന്പിലെത്തിച്ച് നാസികൾ ക്രൂരമായി കൊലപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജിംനാസ്റ്റിക്സിലേക്കു തിരിച്ചെത്തിയെങ്കിലും പരിക്കിനെത്തുടർന്ന് 1948ലെ ലണ്ടൻ ഒളിന്പിക്സിൽനിന്നു പിന്മറേണ്ടിവന്നു. 1952ൽ ഹെൽസിങ്കിയിൽ തന്റെ 31-ാം വയസിൽ ആഗ്നസ് ഒളിന്പിക് അരങ്ങേറ്റം നടത്തി.
35-ാം വയസിൽ മെൽബണിലെ സ്വർണത്തോടെ ഒളിന്പിക്സിൽ സ്വർണം നേടുന്ന ഏറ്റവും പ്രായമുള്ള ജിംനാസ്റ്റ് എന്ന ചരിത്രവും കുറിച്ചു. എന്നാൽ, ഹംഗറിയിൽ റഷ്യൻ അധിനിവേശം വന്നതോടെ ഓസ്ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടി. തുടർന്ന് ഇസ്രയേലിലേക്കു കുടിയേറിയ ആഗ്നസ്, 1990വരെ ഇസ്രേലി ഒളിന്പിക് ജിംനാസ്റ്റിക്സ് ടീമിന്റെ കോച്ചായി.