അഞ്ചാം ടെസ്റ്റിൽനിന്ന് രോഹിത് ശർമ സ്വമേധയാ മാറുമോ...?
Friday, January 3, 2025 12:36 AM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ടീമിൽ തല മാറ്റമുണ്ടാകുമോ...? ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അഞ്ചിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മത്സരം ആരംഭിക്കുന്പോൾ രോഹിത് ശർമയ്ക്കു പകരം ജസ്പ്രീത് ബുംറയായിരിക്കുമോ ഇന്ത്യയെ നയിക്കുക...? ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരം ഇന്ത്യൻ ടീം ഇന്നു കളത്തിൽ എത്തുന്പോൾ മാത്രമേ ലഭിക്കൂ.
തുടർച്ചയായി ബാറ്റിംഗിൽ പരാജയപ്പെട്ടതാണ് രോഹിത് ശർമയ്ക്കെതിരായ നീക്കത്തിനു കാരണം. അഞ്ചാം ടെസ്റ്റിൽനിന്ന് രോഹിത് സ്വമേധയാ വിട്ടുനിൽക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇന്ത്യ x ഓസ്ട്രേലിയ അഞ്ചു മത്സര ടെസ്റ്റ് പരന്പരയിലെ നാലു പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ആതിഥേയർ മുന്നിലാണ്.
ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പ്
രോഹിത് ഇന്നു കളിച്ചില്ലെങ്കിൽ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക. പെർത്തിൽ അരങ്ങേറിയ പരന്പരയിലെ ആദ്യ ടെസ്റ്റിൽ രോഹിത്തിന്റെ അഭാവത്തിൽ ബുംറയായിരുന്നു ക്യാപ്റ്റൻ. 295 റണ്സിന് ഇന്ത്യ പെർത്തിൽ ജയിച്ചിരുന്നു. അവസാന ഒന്പത് ടെസ്റ്റിൽ രോഹിത് ശർമയുടെ ബാറ്റിംഗ് ശരാശരി വെറും 10.93 ആണെന്നതാണ് വാസ്തവം. ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത്തിന്റെ ശരാശരി 6.2 മാത്രവും. ഇന്നലെ ടീമിന്റെ ഓപ്ഷണൽ ട്രെയ്നിംഗ് സെഷനിൽ രോഹിത് എത്തിയിരുന്നു.
രോഹിത് അഞ്ചാം ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിന് ഇന്ത്യൻ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ കൃത്യമായ മറുപടി ഇന്നലെ നൽകാതിരുന്നതും ഊഹാപോഹങ്ങൾക്കു കാരണമായി. പരിക്കേറ്റ പേസർ ആകാശ് ദീപും ഇന്ത്യൻ ടീമിൽ ഇന്നുണ്ടാകില്ല. പകരം പ്രസിദ്ധ് കൃഷ്ണയ്ക്കാണ് സാധ്യത കൂടുതൽ. മെൽബണിൽ പ്ലേയിംഗ് ഇലവനു പുറത്തായ ശുഭ്മാൻ ഗിൽ തിരിച്ചെത്തുമോ എന്നതും സുപ്രധാന ചോദ്യമാണ്.
ഓസ്ട്രേലിയ ഫോമിലല്ലാത്ത ഓൾറൗണ്ടർ മിച്ചൽ മാർഷിനു പകരം ബ്യൂ വെബ്സ്റ്ററിനെ ഉൾപ്പെടുത്തിയാണ് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.
ജയിച്ചാൽ ട്രോഫി നിലനിർത്താം
സിഡ്നിയിൽ ജയിച്ചാൽ 2-2നു പരന്പര സമനിലയിലെത്തിച്ച് ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യക്കു നിലനിർത്താം. കാരണം, ഇന്ത്യയാണ് നിലവിലെ ചാന്പ്യന്മാർ. അതുപോലെ 2025 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനും സിഡ്നിയിൽ ഇന്ത്യക്കു ജയം അനിവാര്യം.