അനായാസം ദക്ഷിണാഫ്രിക്ക
Monday, January 6, 2025 11:05 PM IST
കേപ്ടൗണ്‍: പാക്കിസ്ഥാനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരന്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. രണ്ടു മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി.
രണ്ടാം മത്സരത്തിൽ പത്ത് വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 615ന് മറുപടി നൽകിയ പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 194 റണ്‍സിനു പുറത്തായി. ഇതോടെ ഫോളോ ഓണ്‍ ചെയ്യേണ്ടിവന്ന പാക്കിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 478 റണ്‍സ് നേടി.
ഷാൻ മസൂദ് (145), ബാബർ അസാം (81) എന്നിവരുടെ പ്രകടനമാണ് പാക്കിസ്ഥാന് കരുത്തായത്. മുഹമ്മദ് റിസ് വാൻ (41), സൽമാൻ അഗ (48), ആമിർ ജമാൽ (34) എന്നിവരും നാലാം ദിനം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇതോടെ പാക്കിസ്ഥാന് 57 റണ്‍സിന്റെ ലീഡായി. കാഗിസോ റബാദ, കേശവ് മഹാരാജ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മാർകോ ജാൻസണ് രണ്ടു വിക്കറ്റും നേടി.
58 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഡേവിഡ് ബെഡിംഗ്ഹാം (44), എയ്ഡൻ മാർക്രം (14) എന്നിവർ ചേർന്ന് 7.1 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു.