നോക്കൗട്ടിനടുത്ത് ബാഴ്സയും ആഴ്സണലും
Thursday, December 12, 2024 11:33 PM IST
ഡോർട്ട്മുണ്ട്/ടൂറിൻ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ ബാഴ്സലോണ, ആഴ്സണൽ, യുവന്റസ്, എസി മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകൾ ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. ജയത്തോടെ ബാഴ്സലോണ (15 പോയിന്റ്) രണ്ടാമതും ആഴ്സണൽ (13 പോയിന്റ്) മൂന്നാം സ്ഥാനത്തുമെത്തി.
ലിവർപൂളാണ് (18 പോയിന്റ്) ഒന്നാമത്. തോൽവിയോടെ ആദ്യ എട്ടുസ്ഥാനങ്ങളിൽ ഇടംപിടിക്കാമെന്ന സിറ്റിയുടെ പ്രതീക്ഷകൾ തകർന്നു. ആറു കളിയിൽ എട്ടു പോയിന്റുമായി 22-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. പ്രാഥമിക റൗണ്ട് പോരാട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ എട്ടുസ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്കു യോഗ്യത നേടും. അടുത്ത 16 ടീമുകൾ പ്ലേ ഓഫിലൂടെ വേണം പ്രീക്വാർട്ടറിലെത്താൻ.
ടോറസ് ഡബിളിൽ ബാഴ്സ
ബൊറൂസിയ ഡോർട്മുണ്ടിന്റെ കളത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി എത്തി 85-ാം മിനിറ്റിലെ വിജയഗോൾ ഉൾപ്പെടെ രണ്ടു ഗോൾ നേടിയ ഫെറാൻ ടോറസിന്റെ മികവിൽ ബാഴ്സലോണ ത്രില്ലിംഗ് പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളിന് ബൊറൂസിയ ഡോർട്മുണ്ടിനെ തകർത്തു.
രണ്ടാം തോൽവിയുമായി സിറ്റി
ഡുസാൻ വ്ളാഹോവിച്ചും വെസ്റ്റണ് മാക് കെന്നി എന്നിവരുടെ ഗോളിൽ യുവന്റസ് സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനു മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.
അനായാസ ജയവുമായി പീരങ്കിപ്പട
ബുകായോ സാക്കയുടെ ഇരട്ട ഗോളിൽ ആഴ്സണൽ സ്വന്തം കളത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് എഎസ് മോണക്കോയെ തോൽപ്പിച്ചു. ജയത്തോടെ മൂന്നാം സ്ഥാനത്തെത്തിയ ആഴ്സണൽ പ്രീക്വാർട്ടറിനു അടുത്തെത്തി. 34, 78 മിനി റ്റുക ളിൽ സാക്കയുടെ ഗോളുകൾ. ഒരു ഗോൾ കെയ് ഹവാർട്സ് (88’) വക യാണ്.
അത്ലറ്റിക്കോ, മിലാൻ ജയം
ആന്റോയൻ ഗ്രീസ്മാന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് സ്ലോവൻ ബ്രാട്ടിസ്ലാവയെയും എസി മിലാൻ 2-1ന് റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും പരാജയപ്പെടുത്തി.
ആവേശ പോരാട്ടത്തിൽ ലിലെ 3-2ന് ഓസ്ട്രിയൻ ക്ലബ് എസ്കെ സ്റ്ററം ഗ്രാസിനെ തോൽപ്പിച്ചു. 13 പോയിന്റുമായി ലിലെ എട്ടാം സ്ഥാനത്താണ്.
മറ്റ് മത്സരങ്ങളിൽ സ്റ്റുട്ഗർട്ട് 5-1ന് യംഗ് ബോയിസിനെ തോൽപ്പിച്ചപ്പോൾ ബെൻഫിക്ക-ബൊളോഗ്ന മത്സരം ഗോൾരഹിത സമനിലയായി.