ട്രംപിന്റെ തീരുവ പദ്ധതി; സ്മാർട്ട് ഫോണുകൾക്കും കംപ്യൂട്ടറുകൾക്കും ഒഴിവ്
Sunday, April 13, 2025 1:06 AM IST
വാഷിംഗ്ടണ്: ട്രംപ് ഭരണകൂടം പരസ്പര തീരുവ പദ്ധതിയിൽനിന്ന് സ്മാർട്ട് ഫോണുകളെയും കംപ്യൂട്ടറുകളെയും ഒഴിവാക്കി.
ചൈനയിൽനിന്നുള്ള ഇറക്കുമതിക്കും ഇതു ബാധകമാണ്. മിക്ക രാജ്യങ്ങൾക്കുമുള്ള ട്രംപിന്റെ 10% ആഗോള താരിഫിൽ നിന്നും വളരെ ഉയർന്ന ചൈനീസ് ഇറക്കുമതി നികുതിയിൽ നിന്നും ഏതൊക്കെ സാധനങ്ങൾ ഒഴിവാക്കിയെന്നു വിശദീകരിച്ചുകൊണ്ട് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ ഇന്നലെ അറിയിപ്പ് പ്രസിദ്ധീകരിച്ചു.
മൊബൈൽ ഫോണ് ഗാഡ്ജറ്റുകളിൽ പലതും ചൈനയിൽ നിർമിച്ചതിനാൽ അവയുടെ വില കുതിച്ചുയരുമെന്ന് യുഎസ് ടെക് കന്പനികൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കം.
സെമികണ്ടക്ടറുകൾ, സോളാർ സെല്ലുകൾ, മെമ്മറി കാർഡുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഘടകങ്ങളും ഇളവുകളിൽ ഉൾപ്പെടുന്നു.
ചില കണക്കുകൾ പ്രകാരം, തീരുവകളുടെ ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറിയിരുന്നെങ്കിൽ യുഎസിൽ ഐഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് വസ്തുക്കളുടെയും വില മൂന്ന് മടങ്ങ് വർധിക്കുമായിരുന്നു.
ഐഫോണുകളുടെ ഒരു പ്രധാന വിപണിയാണ് യുഎസ്. കഴിഞ്ഞ വർഷത്തെ സ്മാർട്ട്ഫോണ് വിൽപ്പനയുടെ പകുതിയിലധികവും ആപ്പിളിന്റേതായിരുന്നുവെന്ന് കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നു. അമേരിക്കയിൽ വിൽപ്പനയ്ക്കുള്ള ആപ്പിളിന്റെ ഐഫോണുകളിൽ 80 ശതമാനവും ചൈനയിലാണ് നിർമിക്കുന്നതെന്നും ബാക്കി 20 ശതമാനം ഇന്ത്യയിലാണെന്നും റിസർച്ച് പറയുന്നു.
സാംസംഗ് പോലുള്ള സ്മാർട്ട്ഫോണ് ഭീമന്മാരോടൊപ്പം, ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ആപ്പിൾ സമീപ വർഷങ്ങളിൽ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ നിർമാണ കേന്ദ്രങ്ങൾക്കായി ഇന്ത്യയും വിയറ്റ്നാമും മുൻനിരയിൽ ഉയർന്നുവന്നു.
താരിഫ് പ്രാബല്യത്തിൽ വന്നതോടെ, സമീപ ദിവസങ്ങളിൽ ഇന്ത്യയിൽ നിർമിക്കുന്ന ഉപകരണങ്ങളുടെ ഉത്പാദനം വേഗത്തിലാക്കാനും വർധിപ്പിക്കാനും ആപ്പിൾ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച ഉയർന്ന തീരുവ ഈ ആഴ്ച പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, ബുധനാഴ്ച ചൈന ഒഴികെയുള്ള രാജ്യങ്ങൾക്കെതിരേയുള്ള ഉയർന്ന തീരുവ 90 ദിവസത്തക്കു മരവിപ്പിച്ചുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. ചൈനയ്ക്ക് 145% തീരുവ ട്രംപ് ഉയർത്തി.
അമേരിക്കൻ ഉത്പന്നങ്ങൾ ഉയർന്ന തീരുവ ഏർപ്പെടുത്തി തിരിച്ചടിച്ച ചൈനയുടെ തീരുമാനമാണ് ട്രംപിനെ ചൈനീസ് ഇറക്കുമതിക്ക് തീരുവ ഉയർത്താൻ പ്രേരിപ്പിച്ചത്.
നയത്തിലുണ്ടായ മാറ്റത്തിൽ, യുഎസ് തീരുവകൾക്കെതിരേ പ്രതികാര തീരുവ ഏർപ്പെടുത്താത്ത എല്ലാ രാജ്യങ്ങൾക്കും ജൂലൈ വരെ 10% യുഎസ് തീരുവ മാത്രമേ നേരിടേണ്ടിവരൂ എന്നാണ് ട്രംപ് പറഞ്ഞത്.