ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരവോടെ വിടനൽകി ലോകം
Sunday, April 27, 2025 2:11 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നിത്യതയിലേക്ക് യാത്രയായി. അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന്, കനിവിന്റെയും ആർദ്രതയുടെയും എളിമയുടെയും ആൾരൂപമായി മാനവരാശിയുടെ ഹൃദയം കവര്‍ന്ന ഇടയശ്രേഷ്ഠന് വികാരനിർഭര യാത്രയയപ്പാണു ലോകം നൽകിയത്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിലും റോമാ നഗരത്തിന്റെ ചരിത്രപ്രസിദ്ധമായ തെരുവീഥികളിലുമായി തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളുടെ ആദരവും കണ്ണീർക്കണങ്ങളും ഏറ്റുവാങ്ങിയായിരുന്നു ജനപ്രിയ മാർപാപ്പയുടെ സംസ്കാരശുശ്രൂഷകളും അന്ത്യയാത്രയും.
ഒടുവിൽ, തനിക്കു പ്രിയപ്പെട്ട പരിശുദ്ധ ദൈവമാതാവിന്റെ വലിയപള്ളിയിൽ റോമൻ ജനതയുടെ സംരക്ഷക (സാലുസ് പോപ്പുളി റൊമാനി) യുടെ ചാരെ അന്ത്യവിശ്രമം. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് വലിയപള്ളിയിലേക്കു നടത്തിയ ആറ് കിലോമീറ്റർ നീണ്ട വിലാപയാത്ര ചരിത്രത്തിൽ ഇടംപിടിക്കുന്നതായി.
ഇന്നലെ രാവിലെ പ്രാദേശികസമയം പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിച്ചത്. ഇതിനുമുന്‍പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽനിന്ന് ഭൗതികദേഹം കർദിനാൾമാരുടെ നേതൃത്വത്തിൽ ചത്വരത്തിലേക്ക് സംവഹിച്ചു.
ചത്വരത്തിലെ അൾത്താരയുടെ മധ്യത്തിൽ പ്രത്യേക പ്ലാറ്റ്ഫോമൊന്നും തീർക്കാതെ നിലത്തു ഭൗതികദേഹപേടകം പ്രതിഷ്ഠിച്ചതും, ഭൗതികദേഹം വഹിച്ച സാധാരണ തടികൊണ്ടു നിർമിച്ച പെട്ടിയുമൊക്കെ ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യം വിളിച്ചോതി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ മുഖ്യകാർമികത്വം വഹിച്ചു.
ലോക സമാധാനത്തിനായി മതിലുകൾ ഇല്ലാതാക്കാനും മാനവിക തയ്ക്കായി പാലങ്ങൾ നിർമിക്കാനും ലോകത്തിന് ആഹ്വാനം നൽകിയ മാർപാപ്പയെ അനുസ്മരിച്ച് കർദിനാൾ ബാത്തിസ്ത റേ നടത്തിയ സന്ദേശം കരഘോഷത്തോടെയാണു വിശ്വാസികള്‍ ഏറ്റുവാങ്ങിയത്.
വിവിധ രാഷ്ട്രത്തലവന്മാരടക്കം നാലു ലക്ഷത്തോളം പേരാണ് മാർപാപ്പയ്ക്കു വിടചൊല്ലാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്. റോമിലേക്കുള്ള വീഥികളെല്ലാം വിശ്വാസികളാൽ നിറഞ്ഞിരുന്നു. ആറു ലക്ഷത്തിലധികം പേരെങ്കിലും സംസ്കാരശുശ്രൂഷയിൽ പങ്കെടുത്തെന്നാണ് വത്തിക്കാന്റെ അനുമാനം.
കഴിഞ്ഞ 12 വർഷമായി ലോകസമാധാനത്തിനായി നിരന്തരം ശബ്ദമുയർത്തിയിരുന്ന മാർപാപ്പയുടെ ഭൗതികദേഹം സാക്ഷിയാക്കി ചില നിർണായക കൂടിക്കാഴ്ചകൾക്കു സെന്റ് പീറ്റേഴ്സ് ബസിലിക്ക ഇന്നലെ വേദിയായതും മറ്റൊരു ചരിത്രമായി.
യുക്രെയ്ൻ-റഷ്യ വെടിനിർത്തൽ വിഷയത്തിൽ യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബസിലിക്കയിൽ നടത്തിയ കൂടിക്കാഴ്ചയും ഇതിൽ നിർണായക ഫലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള സെലൻസ്കിയുടെ പ്രതികരണവും മാർപാപ്പയോടുള്ള ആദരവുകൂടിയായി. പിണക്കം മാറ്റിവച്ച് യൂറോപ്യൻ നേതാക്കളെ സ്നേഹത്തോടെ തലോടുന്ന ട്രംപിന്റെ മറ്റൊരു മുഖവും പള്ളിയിൽ കാണാനായി.
ഭൗതികദേഹത്തിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും ഉൾപ്പെടെ 23 വ്യക്തിഗത പൗരസ്ത്യസഭകളുടെ തലവന്മാർ പ്രത്യേക പ്രാർഥനകൾ നടത്തി.
വിശുദ്ധ കുർബാനയ്ക്കും പ്രാർഥനകൾക്കും ശേഷം ഭൗതികദേഹം വീണ്ടും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിച്ചു. സാന്താമാർത്ത ചത്വരത്തിൽവച്ച് ഭൗതികദേഹം പോപ് മൊബീലിലേക്കു മാറ്റി. തുടർന്ന് വിലാപയാത്രയായാണ് കന്യാമറിയത്തിന്റെ വലിയപള്ളിയിലേക്ക് എത്തിച്ചത്.
ഇതിനുമുന്‍പ് 1978ലാണ് റോമൻ നഗരവീഥികളിലൂടെ ഒരു മാർപാപ്പയുടെ വിലാപയാത്ര നടന്നത്. പോൾ ആറാമൻ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽവച്ചു മരിച്ചതിനാൽ മൃതദേഹം റോമിലേക്കു കൊണ്ടുവരാനായിരുന്നു അത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം എത്തിച്ചപ്പോൾ പള്ളിയുടെ പടവുകളിൽ വെള്ളപ്പൂക്കളുമായി ദരിദ്രരും അശരണരും തടവുകാരുമായ 40 പേർ കാത്തുനിന്നിരുന്നു. ഒടുവിൽ മാർപാപ്പ തന്നെ നിശ്ചയിച്ച സ്ഥലത്ത്, അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ഫ്രാൻസിസ്കുസ് എന്നു മാത്രം ലത്തീനിൽ ആലേഖനം ചെയ്ത കല്ലറയിൽ നിത്യനിദ്ര. ഇനി, കരുണയുടെ മഹായിടയന്റെ പിൻഗാമിയെ കണ്ടെത്തുന്ന കോൺക്ലേവിനായി ലോകത്തിന്റെ കാത്തിരിപ്പ്.
വിലാപയാത്രയിലും ലാളിത്യം
മഹോന്നത പദവിയിലും സാധാരണക്കാരനായി ജീവിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്രയിലും ലാളിത്യം പ്രകടമായി. ചരിത്രമുറങ്ങുന്ന നിത്യനഗരമായ റോമിന്റെ നഗരവീഥിയികളിലൂടെ, വിദേശരാജ്യ സന്ദർശനങ്ങളിലെല്ലാം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്ന അതേ പോപ്പ് മൊബീലിലായിരുന്നു അന്ത്യയാത്രയും.
കൊളോസിയം അടക്കം ചരിത്രസ്മാരകങ്ങളുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് നിറകണ്ണുകളോടെ പ്രിയപിതാവിനു യാത്രാമൊഴിയേകി രണ്ടുലക്ഷത്തോളെ ആളുകൾ കാത്തുനിന്നിരുന്നു.
ഒടുവിൽ, തന്റെ പ്രിയപ്പെട്ട അമ്മയ്ക്കരികിൽ, ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രാർഥനാനിരതനായി നിന്ന സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് നിശ്ചലനായി ഫ്രാൻസിസ് മാർപാപ്പയെത്തി.
ഓരോ യാത്രയിലും നന്ദിസൂചകമായി മാതാവിന്റെ തിരുസ്വരൂപത്തിൽ പൂക്കളർപ്പിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ പതിവ് രീതിയെ സൂചിപ്പിച്ച് നാലു കുട്ടികൾ റോസാപ്പൂക്കൾ തിരുസ്വരൂപത്തിനു മുന്നിൽ അർപ്പിച്ചു.