വിടയേകാൻ വത്തിക്കാൻ
Friday, April 25, 2025 2:33 AM IST
വത്തിക്കാനിൽനിന്ന് ഫാ. പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ
വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സംസ്കാരശുശ്രൂഷകൾക്കുശേഷം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.
അന്‍പതോളം പേർ മാത്രമേ പള്ളിയകത്തെ സംസ്കാരകർമത്തിൽ സംബന്ധിക്കുകയുള്ളൂ. മാർപാപ്പയുടെ ആഗ്രഹം മാനിച്ചും സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയും വർധിച്ചുവരുന്ന ജനക്കൂട്ടം മൂലവുമാണ് ഈ തീരുമാനമെന്നും വത്തിക്കാൻ അറിയിച്ചു.
കമർലെങ്കോ കര്‍ദിനാള്‍ കെവിൻ ഫാരെല്‍, കർദിനാൾമാരായ ജൊവാന്നി ബാത്തിസ്ത റെ, റോജർ മഹോണി, ഡൊമിനിക് മാംബെർത്തി, പിയെത്രോ പരോളിൻ, ബാൾദോ റെയ്ന, കോൺറാഡ് ക്രായേവ്സ്കി, ആർച്ച്ബിഷപ് എഡ്ഗാർ പെഞ്ഞ പറാ എന്നിവരെക്കൂടാതെ ഫ്രാൻസിസ് മാർപാപ്പയുടെ സെക്രട്ടറിമാർ, വലിയപള്ളിയിലെ ആർച്ച്പ്രീസ്റ്റ് കർദിനാൾ സ്റ്റനിസ്ലാവ് റിൽക്കോ, കർദിനാൾ റൊളാന്തസ് മാക്റിക്കാസ്, പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ എന്നിവരാണ് വൈദികസമൂഹത്തിൽനിന്ന് മേരി മേജർ ബസിലിക്കയിലെ കബറടക്ക ചടങ്ങിൽ സംബന്ധിക്കുക.
മാർപാപ്പയെ ശുശ്രൂഷിച്ചിരുന്ന നഴ്സ് മാസിമിലിയാനോ സ്ട്രപ്പേത്തി, മാർപാപ്പയുടെ അർജന്റീനയിൽനിന്നുള്ള കുടുംബാംഗങ്ങൾ, ഇറ്റലിയിലെ പിയെമോന്തിൽനിന്നുള്ള ബെർഗോളിയോ കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുക്കും.
കഴിഞ്ഞദിവസം കർദിനാൾ മാക്റിക്കാസ് പറഞ്ഞതനുസരിച്ച് ഫ്രാൻസിസ് മാർപാപ്പ 126 പ്രാവശ്യം വലിയ പള്ളി സന്ദർശിച്ചിട്ടുണ്ട്. ഒരു തവണ സന്ദർശനം കഴിഞ്ഞ്, “നിന്റെ കബറിടം ഒരുക്കുക’’എന്ന് പരിശുദ്ധ കന്യാമറിയം തന്നോടു നിർദേശിച്ചതായി മാർപാപ്പ തന്നോടു പറഞ്ഞെന്നും കർദിനാൾ മാക്റിക്കാസ് വെളിപ്പെടുത്തി.
അതേസമയം, മാർപാപ്പയ്ക്ക് അന്ത്യാഞ്ജലിയേകാൻ ആയിരങ്ങളാണു വത്തിക്കാനിലേക്ക് പ്രവഹിക്കുന്നത്. ഇന്നു രാത്രി ഏഴോടെ പൊതുദർശനം അവസാനിക്കും. നാളെ രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.