യുക്രെയ്ൻ സമാധാന ചർച്ച ഇന്ന് റിയാദിൽ തുടങ്ങുന്നു
Tuesday, February 18, 2025 1:04 AM IST
റിയാദ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള റഷ്യ-അമേരിക്ക ചർച്ച ഇന്ന് സൗദിയിലെ റിയാദിൽ തുടങ്ങുമെന്നു റിപ്പോർട്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ സൗദിയിലെത്തി.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് സൗദിയിലേക്കു പുറപ്പെട്ടുവെന്നാണ് ഇന്നലെ ക്രെംലിൻ അറിയിച്ചത്. റൂബിയോയും ലാവ്റോവും ശനിയാഴ്ച ഫോണിൽ ചർച്ച നടത്തിയിരുന്നു.
അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ്, പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ഇന്നത്തെ റിയാദ് ചർച്ചയിൽ പങ്കെടുക്കും. സെർജി ലാവ്റോവിനൊപ്പം റഷ്യയിലെ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷക്കോവുമുണ്ട്.
പ്രസിഡന്റ് പുടിന്റെ നിർദേശപ്രകാരമാണ് ലാവ്റോവും ഉഷക്കോവും സൗദിയിലേക്കു തിരിച്ചതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. റഷ്യ-അമേരിക്ക ബന്ധം പുനഃസ്ഥാപിക്കൽ, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കൽ, ട്രംപും പുടിനും തമ്മിൽ സൗദിയിൽ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയുടെ ഒരുക്കങ്ങൾ എന്നിവ ചർച്ചാവിഷയമാകുമെന്നു പെസ്കോവ് കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഞായറാഴ്ച സൗദിയുടെ അയൽരാജ്യമായ യുഎഇയിൽ എത്തിയിട്ടുണ്ട്. സൗദിയും തുർക്കിയും സന്ദർശിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സൗദിയിൽ റഷ്യയുടെയോ അമേരിക്കയുടെയോ പ്രതിനിധികളെ കാണാൻ ഉദ്ദേശിക്കുന്നില്ല. സൗദിയിലെ റഷ്യ-അമേരിക്ക ചർച്ചയിൽ യുക്രെയ്നെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഈസ്റ്ററിനു മുന്പ് വെടിനിർത്തൽ?
വാഷിംഗ്ടൺ ഡിസി: ഈസ്റ്റർ ആഘോഷിക്കുന്ന ഏപ്രിൽ 20നകം യുക്രെയ്നിൽ വെടിനിർത്തൽ സാധ്യമാക്കാനാണു യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അമേരിക്കൻ ഉദ്യോഗസ്ഥൻ ഇക്കാര്യം യൂറോപ്യൻ നേതാക്കളെ അറിയിച്ചു. ട്രംപിന്റെ നീക്കങ്ങൾ അതിവേഗത്തിലാണെന്നും അയഥാർഥ്യമാണെന്നും ചില യൂറോപ്യൻ നേതാക്കൾക്ക് അഭിപ്രായമുണ്ട്.