ഉപദേശം വേണ്ട; വാൻസിന് ഷോൾസിന്റെ മറുപടി
Sunday, February 16, 2025 12:18 AM IST
മ്യൂണിക്: ജർമനിയും യൂറോപ്പും എന്തു ചെയ്യണമെന്ന് ആരും പഠിപ്പിക്കേണ്ടെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. യൂറോപ്പിൽ അഭിപ്രായസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്നാരോപിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു മറുപടി നല്കുകയായിരുന്നു അദ്ദേഹം.
യൂറോപ്യൻ രാജ്യങ്ങളിൽ വിദ്വേഷപ്രസംഗം എന്നു മുദ്രകുത്തി അഭിപ്രായസ്വാതന്ത്ര്യം വിലക്കുന്നതായും ജർമനിയിലെ എഎഫ്ഡി പോലുള്ള തീവ്ര വലതുപക്ഷ പാർട്ടികളോട് മറ്റു കക്ഷികൾ അകലം പാലിക്കുന്നതായും ജർമനിയിലെ മ്യൂണിക് നഗരത്തിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ പ്രസംഗിച്ച വാൻസ് കുറ്റപ്പെടുത്തിയിരുന്നു.
തീവ്രനിലപാടുകൾ പുലർത്തുന്ന പാർട്ടിയോട് സഹകരിക്കാത്തത് നല്ലതിനുവേണ്ടിയാണെന്ന് ഷോൾസ് വ്യക്തമാക്കി. അവരോട് സഹകരിക്കണമെന്ന് ആരും ഉപദേശിക്കേണ്ട. സുഹൃത്തുക്കളും സഖ്യകക്ഷികളും ഇത്തരം ഉപദേശം നല്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്കു തയാറാകാതിരുന്ന വാൻസ്, എഎഫ്ഡി നേതാവ് ആലീസ് വീഡെലുമായി ചർച്ച നടത്തുകയുണ്ടായി.