ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
Tuesday, February 18, 2025 1:04 AM IST
റോം: ശ്വാസനാളത്തിലെ അണുബാധ ചികിത്സയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ അറിയിച്ചു. പതിവുപോലെ ഞായറാഴ്ച രാത്രിയും അദ്ദേഹം സുഖമായുറങ്ങി. ഇന്നലെ പ്രഭാതഭക്ഷണത്തിനുശേഷം പത്രം വായിച്ചു.
ഒരാഴ്ചയിലധികം ബ്രോങ്കൈറ്റിസ് നേരിട്ട ഫ്രാൻസിസ് മാർപാപ്പയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്കു പൂർണവിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആവശ്യമുള്ളിടത്തോളം മാർപാപ്പ ആശുപത്രിയിൽ തുടരുമെന്നാണു വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. മാർപാപ്പയുടെ മുൻ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ഇതിനിടെ, ആശുപത്രിയിൽവച്ചും ഗാസയിലെ കത്തോലിക്കാ ഇടവകാംഗങ്ങളുമായി ഫോണിൽ സംസാരിക്കുന്ന പതിവ് മാർപാപ്പ തുടർന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളി, ശനി ദിവസങ്ങൾ മാർപാപ്പ ഫോൺ ചെയ്തതായി ഇടവകാംഗങ്ങൾ പറഞ്ഞു. മാർപാപ്പ നല്ല തമാശ മൂഡിലാണെങ്കിലും അദ്ദേഹത്തിനു ക്ഷീണമുള്ളതുപോല തോന്നിയതായി ഇടവകാംഗങ്ങൾ കൂട്ടിച്ചേർത്തു.