കാനഡയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു
Wednesday, February 19, 2025 1:21 AM IST
ടൊറന്റോ: കാനഡയിൽ ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 80 പേരും നിസാരപരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ടൊറോന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിലായിരുന്നു സംഭവം.
പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടമുണ്ടായത്. ഡെൽറ്റ എയർലൈൻസിന്റെ മിത്സുബിഷി സിആർജെ-900എൽആർ വിമാനം റൺവേയിൽനിന്ന് തെന്നിമാറി തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിനിയാപൊളിസിൽനിന്നെത്തിയ വിമാനത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം ലാൻഡ് ചെയ്യുമ്പോൾ 65 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ശൈത്യകാറ്റിൽ മഞ്ഞുവീഴ്ചയുണ്ടായി. ഇത് അപകടത്തിനു കാരണമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. 18 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറന്റോ പിയേഴ്സൺ എയർപോർട്ട് ഫയർ ചീഫ് ടോഡ് ഐറ്റ്കെൻ പറഞ്ഞു. അപകടത്തെത്തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
കാനഡ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണത്തിൽ പങ്കുചേരും.
മൂന്നാഴ്ചയ്ക്കിടെ വടക്കേ അമേരിക്കയിൽ ഇത് നാലാമത്തെ വലിയ വിമാനാപകടമാണ്. ജനുവരി 29ന് വാഷിംഗ്ടണിലെ റൊണാൾഡ് റെയ്ഗൻ നാഷണൽ വിമാനത്താവളത്തിൽ സൈനിക ഹെലികോപ്റ്ററും യാത്രാ വിമാനവും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേരാണു മരിച്ചത്.
ജനുവരി 31ന് ഫിലാഡൽഫിയയിലുണ്ടായ വിമാനാപകടത്തിൽ ഏഴ് പേർക്ക് ജീവൻനഷ്ടമായിരുന്നു. ഈ മാസം ആറിന് അലാസ്കയിൽ വിമാനാപകടത്തിൽ 10 പേർ മരിച്ചിരുന്നു.