ഓസ്ട്രിയയിൽ സിറിയക്കാരന്റെ കത്തിയാക്രമണം; ബാലൻ മരിച്ചു
Monday, February 17, 2025 1:26 AM IST
വിയന്ന: ഓസ്ട്രിയയിൽ സിറിയൻ അഭയാർഥി നടത്തിയ കത്തിയാക്രമണത്തിൽ പതിനാലുകാരൻ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു.
ഇറ്റാലിയൻ അതിർത്തിയോടു ചേർന്ന തെക്കൻ പട്ടണമായ വില്ലാച്ചിൽ ശനിയാഴ്ചയായിരുന്നു സംഭവം. 23 വയസുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ ചത്വരത്തിനടുത്തുവച്ചാണ് അക്രമി ആളുകളെ കുത്തിയത്. ആക്രമണം കണ്ട മറ്റൊരു സിറിയൻ വംശജൻ തന്റെ വാഹനം ഉപയോഗിച്ച് അക്രമിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഓസ്ട്രിയയിൽ താത്കാലിക താമസത്തിന് അനുമതിയുണ്ടായിരുന്ന അക്രമി അഭയത്തിന് അപേക്ഷിച്ചിരുന്നു. ഇയാൾക്കു തീവ്രവാദബന്ധം ഉണ്ടോയെന്നു സംശയിക്കുന്നു.
പരിക്കേറ്റവരിൽ ഒരാൾ തുർക്കി വംശജനും മറ്റുള്ളവർ ഓസ്ട്രിയൻ പൗരന്മാരുമാണ്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
അയൽരാജ്യമായ ജർമനിയിലെ മ്യൂണിക്ക് നഗരത്തിൽ അഫ്ഗാൻ അഭയാർഥി ആളുകൾക്കിടയിലേക്കു കാർ ഇടിച്ചുകയറ്റിയത് ദിവസങ്ങൾക്കു മുന്പാണ്. ഈ ആക്രമണത്തിൽ പരിക്കേറ്റ 37 പേരിൽ രണ്ടു പേർ പിന്നീട് മരിച്ചു.