കാഷ്മീരിൽ ഹിതപരിശോധന: പാക് പാർലമെന്റിൽ പ്രമേയം
Wednesday, February 19, 2025 1:21 AM IST
ഇസ്ലാമാബാദ്: കാഷ്മീരിന്റെ കാര്യത്തിൽ വീണ്ടും അനാവശ്യ ഇടപെടലുകളുമായി പാക്കിസ്ഥാൻ. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ കാഷ്മീരിൽ ഹിതപരിശോധന നടത്താൻ ഇന്ത്യ തയാറാകണമെന്ന പ്രമേയം പാക്കിസ്ഥാൻ പാർലമെന്റ് പാസാക്കുകയായിരുന്നു.
നിഷ്പക്ഷവും നീതിയുക്തവുമായി തങ്ങളുടെ ഭാവി നിശ്ചയിക്കാനുള്ള ജനാധിപത്യപരമായ അവകാശം കാഷ്മീരികൾക്കു നൽകണമെന്ന യുഎൻ രക്ഷാസമിതിയുടെ പ്രമേയം നടപ്പാക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുന്ന പ്രമേയം പാക് പാർലമെന്റ് ഏകകണ്ഠമായി പാസാക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാൻ റേഡിയോ ആണ് പ്രഖ്യാപിച്ചത്.
ഇതിനായി ധാർമികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ ഉറപ്പിക്കുകയാണെന്നും പറയുന്ന പ്രമേയം പാക്കിസ്ഥാനിലെ കാഷ്മീർ കാര്യമന്ത്രി അമീർ മുഖ്വം അവതരിപ്പിക്കുകയായിരുന്നു.
കാഷ്മീരിൽ ഇടപെടലുകൾ നടത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യമായല്ല പാക്കിസ്ഥാൻ പ്രമേയം പാസാക്കുന്നത്. ഇന്നലെ അവതരിപ്പിച്ച പ്രമേയത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.
പാക് അധിനിവേശ കാഷ്മീരിലെ മനുഷ്യാവകാശ ധ്വസംനം, കാഷ്മീരി വിഘടനവാദി നേതാക്കളുടെ മോചനം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുണ്ട്.