സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ
Wednesday, February 19, 2025 1:21 AM IST
ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റ (ആർഎസ്എഫ്) ആക്രമണത്തിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ അറിയിച്ചു.
വൈറ്റ് നൈൽ സംസ്ഥാനത്തെ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്. ഗവൺമെന്റ് സേനയ്ക്കെതിരേ പരാജയം നേരിട്ട ആർഎസ്എഫ് നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മൂന്നു ദിവസത്തിനിടെ അൽ-കദാരിസ്, അൽ ഖാൽവത്, വാദ് ബിലാൽ എന്നീ ഗ്രാമങ്ങളിലാണ് ആർഎസ്എഫ് ആക്രമണം നടത്തിയത്. നിരവധി നാട്ടുകാരെ കാണാതായിട്ടുണ്ട്. സുഡാനിൽ 2023 ഏപ്രിൽ മുതൽ സർക്കാർ സൈന്യവും ആർഎസ്എഫും തമ്മിൽ പോരാട്ടത്തിലാണ്. 30,000 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.