ഫിലിപ്പീൻസിൽ കൊതുകിനെ കൊന്നാൽ പാരിതോഷികം
Thursday, February 20, 2025 1:20 AM IST
മനില: ഡെങ്കിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കൊതുകുകളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിനി അധികൃതർ. അഞ്ചു കൊതുകുകളെ ജീവനോടെയോ ചത്ത നിലയിലോ കൊണ്ടുവന്നാൽ ഒരു ഫിലിപ്പീനി പെസോ (ഏകദേശം ഒന്നര രൂപ) ലഭിക്കും.
ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനില നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ജനനിബിഡമായ ബാരൻഗേ അഡിഷൻ ഹിൽസ് വില്ലേജിന്റെ മേധാവി കാർലിറ്റോ സെർനൽ ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലാർവകളെ കൊണ്ടുവന്നാലും പാരിതോഷികം ലഭിക്കും. ഒരു മാസത്തേക്കു മാത്രമാണ് ഇതുണ്ടാവുക. ഇതുവരെ 21 പേർ ഏതാണ്ട് 700 കൊതുകുകളെ കൊണ്ടുവന്ന് സമ്മാനം വാങ്ങി.
അതേസമയം, പദ്ധതിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ പരിഹാസം ഉയർന്നു. എന്നാൽ, അതിവേഗം ഡെങ്കി പടരുന്ന സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു. 162 ഹെക്ടർ വരുന്ന ബാരൻഗേ അഡിഷൻ ഹിൽസിൽ 70,000 പേരാണു തിങ്ങിവസിക്കുന്നത്. അടുത്തിടെ ഇവിടെ ഡെങ്കി ബാധിച്ച് രണ്ടു പേർ മരിച്ചിരുന്നു.
ഫെബ്രുവരി ഒന്നുവരെ ഫിലിപ്പീൻസിലുടനീളം 28,234 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനമാണ് വർധന.