സുനിതയും വിൽമോറും അടുത്ത മാസം ഭൂമിയിലെത്തും
Saturday, February 15, 2025 1:40 AM IST
വാഷിംഗ്ടൺ ഡിസി: എട്ടു ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽനിന്നു പോയി എട്ടു മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും അടുത്ത മാസം 19ന് ഭൂമിയിൽ മടങ്ങിയെത്തും.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12നാണ് ക്രൂ 10 ദൗത്യം ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുക. ഇവര്‍ക്കൊപ്പം മടക്കയാത്രയില്‍ ക്രൂ-9 അംഗങ്ങളായ നിക്ക് ഹഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ഡ്രാഗണ്‍ പേടകത്തിലുണ്ടാകും.
ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് ഇരുവരും ബഹിരാകാശനിലയത്തിലേക്കു പോയത്. എന്നാല്‍, സ്റ്റാർലൈനറിന്റെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയം ചോര്‍ച്ചയും കാരണം എട്ടു ദിവസത്തെ ദൗത്യത്തിനുശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.
പലതവണ ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്റെ അപകടസാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുക യായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വർഷം സെപ്റ്റംബര്‍ ഏഴിന് സ്റ്റാര്‍ലൈനറിനെ നാസയും ബോയിംഗും ചേർന്ന് ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ ലാന്‍ഡ് ചെയ്യിച്ചു.
ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും 250 ദിവസത്തോളം ഐഎസ്എസിൽ തുടരേണ്ടിവന്നു. ഇതിനിടെ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശനടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റിക്കാര്‍ഡ് സുനിത വില്യംസ് സ്ഥാപിക്കുകയും ചെയ്തു.
മാര്‍ച്ച് അവസാനമോ ഏപ്രിലിലോ മാത്രമായിരിക്കും ഇരുവരെയും തിരികെ കൊണ്ടുവരാനാകുക എന്നായിരുന്നു നാസ നേരത്തേ കരുതിയിരുന്നത്.
അതാണ് ഇപ്പോൾ നേരത്തെയാക്കിയിരിക്കുന്നത്. സുനിതയെയും വിൽമോറിനെയും എത്രയും വേഗം തിരികെ കൊണ്ടുവരണമെന്ന് കഴിഞ്ഞമാസം അധികാരമേറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ ആവശ്യത്തിനു പിന്നാലെ എത്രയും വേഗം ഇരുവരെയും തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് നാസയും വ്യക്തമാക്കിയിരുന്നു.