യുക്രെയ്ൻ സമാധാന ചർച്ച സൗദിയിൽ ഉടനാരംഭിക്കും
Monday, February 17, 2025 1:26 AM IST
റിയാദ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ, അമേരിക്കൻ പ്രതിനിധികൾ വരും ദിവസങ്ങളിൽ സൗദിയിൽ ചർച്ചയാരംഭിക്കും. യുഎസ് പ്രസിഡന്റ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും അടുത്തയാഴ്ച സൗദിയിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു സൗദിയായിരിക്കും വേദിയെന്ന് ട്രംപ് നേരത്തേ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങൾക്കായി ഉന്നത യുഎസ് സംഘം സൗദിയിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ, ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണു സൗദിയിലെത്തുക.
ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച റംസാൻ വ്രതം ആരംഭിക്കുന്നതിനുമുന്പ് നടത്താനാണു നീക്കം. അതേസമയം, ട്രംപിന്റെ യുക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോക് സൗദിയിലെത്തില്ലെന്നാണു റിപ്പോർട്ട്.
സമാധാന ചർച്ചയിലേക്കു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ ക്ഷണിച്ചിട്ടുണ്ടെന്നാണ് അമേരിക്കയിലെ ഹൗസ് വിദേശകാര്യ സമിതി ചെയർമാൻ മൈക്കിൾ മക്കോൾ അറിയിച്ചത്. എന്നാൽ, ക്ഷണം ലഭിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി സ്ഥിരീകരിച്ചിട്ടില്ല.