ബ്രോങ്കൈറ്റിസ്: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Saturday, February 15, 2025 1:52 AM IST
വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസ് ബാധിച്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയാരംഭിച്ചു.
ഇന്നലെ രാവിലെ ഔദ്യോഗിക പരിപാടികൾക്കുശേഷം അദ്ദേഹം ആശുപത്രിയിലെത്തുകയായിരുന്നു. അത്യാവശ്യ രോഗനിർണയ പരിശോധനകൾക്കും തുടർചികിത്സയ്ക്കും വേണ്ടിയാണിതെന്നു വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പ ഈമാസമാദ്യം ഒരു പരിപാടിക്കിടെ തനിക്കു ജലദോഷമാണെന്നു പറഞ്ഞിരുന്നു. അദ്ദേഹത്തിനു ബ്രോങ്കൈറ്റിസ് ആണെന്ന് ഇതിനു പിന്നാലെ വത്തിക്കാൻ സ്ഥിരീകരിക്കുകയുണ്ടായി. രോഗബാധിതനായിരുന്നെങ്കിലും ഈ ദിവസങ്ങളിൽ മാർപാപ്പ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയിരുന്നില്ല.
ഇന്നലെ വത്തിക്കാൻ സന്ദർശിച്ച സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അദ്ദേഹം ആശുപത്രിയിലേക്കു പോയത്. റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി പ്രത്യേക സ്യൂട്ട് ഉണ്ട്.
ഫ്രാൻസിസ് മാർപാപ്പ 2023 ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായി ഒന്പതു ദിവസം ഇവിടെ ചെലവഴിച്ചിരുന്നു. 88 വയസുള്ള ഫ്രാൻസിസ് മാർപാപ്പ മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്.