"അദാനി'യിൽ ക്ഷുഭിതനായി മോദി
Saturday, February 15, 2025 1:40 AM IST
വാഷിംഗ്ടൺ: അമേരിക്കയിലും മോദിയെ വിടാതെ പിന്തുടർന്ന് ഇന്ത്യൻ വ്യവസായ ഭീമൻ ഗൗതം അദാനി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദിയെ അലോസരപ്പെടുത്തി അദാനി കടന്നുവന്നത്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ അദാനി കടന്നുവന്നതോടെ മോദി ക്ഷുഭിതനായി. വ്യക്തികൾക്കെതിരായ കേസല്ല, രണ്ടു നേതാക്കൾ ചർച്ച ചെയ്യുന്നതെന്ന് മോദി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൃപ്തിയോടെ മറുപടി നൽകി. ട്രംപുമായുള്ള ചർച്ചയിൽ അദാനി വിഷയം ചർച്ച ചെയ്തോ എന്നായിരുന്നു ചോദ്യം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ സംസ്കാരമെന്നും മോദി പറഞ്ഞു. ലോകത്തേയാകെ തങ്ങൾ ഒരു കുടുംബമായാണ് കാണുന്നത്. ഇത്തരം വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനല്ല രണ്ടു രാഷ്ട്ര നേതാക്കൾ കാണുന്നതും സംസാരിക്കുന്നതും- മോദി മറുപടി നൽകി.