അമേരിക്ക -റഷ്യ ചർച്ച: യുക്രെയ്ൻ യുദ്ധം തീർക്കാൻ ഉന്നതതല സമിതി
Wednesday, February 19, 2025 3:00 AM IST
റിയാദ്: ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടി ഉന്നതതല സമിതി രൂപീകരിക്കാനും ഇന്നലെ സൗദി അറേബ്യയിലെ റിയാദിൽ നടന്ന അമേരിക്ക-റഷ്യ ചർച്ചയിൽ തീരുമാനമായി.
ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ വിദേശനയത്തിൽ സുപ്രധാനവും ദ്രുതഗതിയിലുള്ളതുമായ മാറ്റത്തിന്റെ സൂചനയാണ് യുഎസ്-റഷ്യൻ ചർച്ച. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യുക്രെയ്ൻ പ്രതിനിധികളെ പങ്കെടുപ്പിക്കാതെയായിരുന്നു യുഎസും റഷ്യയും ചർച്ച നടത്തിയത്.
തങ്ങൾ പങ്കെടുക്കാത്ത ചർച്ചയിലെ തീരുമാനം അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ പങ്കെടുപ്പിക്കാത്തതിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.
വാഷിംഗ്ടൺ ഡിസിയിലെയും മോസ്കോയിലെയും എംബസികളിൽ ഉദ്യോഗസ്ഥരെ പുനർനിയമിക്കുക, യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി ഉന്നതതല സമിതി രൂപീകരിക്കുക, അമേരിക്ക-റഷ്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്തി സാന്പത്തിക സഹകരണം വർധിപ്പിക്കുക എന്നീ മൂന്നു ലക്ഷ്യങ്ങൾക്ക് ഇരു രാജ്യങ്ങളും അംഗീകാരം നൽകിയെന്ന് മാർക്കോ റൂബിയോ പറഞ്ഞു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാ ഭാഗത്തുനിന്നുമുള്ള വിട്ടുവീഴ്ച അത്യാവശ്യമാണെന്നും ചർച്ചകളിൽ യൂറോപ്പും പങ്കാളിയാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന ചർച്ച ഫലപ്രദമായിരുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
ഡോണൾഡ് ട്രംപ്-വ്ലാദിമിർ പുടിൻ ഉച്ചകോടിക്കു മുന്നോടിയാണ് ഇന്നലെ നടന്ന റൂബിയോ-ലാവ്റോവ് ചർച്ച. അടുത്തയാഴ്ച ട്രംപ്-പുടിൻ ഉച്ചകോടി നടന്നേക്കുമെന്ന് പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാകോവ് പറഞ്ഞു. ആവശ്യമെങ്കിൽ സെലൻസ്കിയുമായി ചർച്ചയ്ക്ക് പുടിൻ തയാറാണെന്നും ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു.
യുഎസ്-റഷ്യ ബന്ധം വഷളായപ്പോഴെല്ലാം ഇരു രാജ്യങ്ങളും നിരവധി നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ചേർന്ന് അമേരിക്ക പലതവണ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തി.
2022 ഫെബ്രുവരി 24ന് യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം അമേരിക്കയും റഷ്യയും തമ്മിൽ നടന്ന ഏറ്റവും വിശാലമായ ചർച്ചയാണ് ഇന്നലെ നടന്നത്. രണ്ടു വർഷം മുന്പ് ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സെർജിലാവ്റോവും കൂടിക്കാഴ്ച നടത്തിയിരുന്നു.