ലബനനിൽ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ യുഎൻ സേനാ കമാൻഡർക്കു പരിക്ക്
Sunday, February 16, 2025 12:18 AM IST
ബെയ്റൂട്ട്: ലബനനിൽ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ യുഎൻ സമാധാനസേനയുടെ ഡെപ്യൂട്ടി കമാൻഡർക്കു പരിക്ക്. രണ്ട് ഇറേനിയൻ വിമാനങ്ങൾക്ക് ബെയ്റൂട്ടിൽ ഇറങ്ങാൻ ലബനീസ് സർക്കാർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചവരാണ് യുഎൻ സേനയെ ആക്രമിച്ചത്.
ബെയ്റൂട്ട് വിമാനത്താവളത്തിലേക്കുള്ള റോഡുകൾ പ്രതിഷേധക്കാർ ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് യുഎൻ സേനയിലെ ഡെപ്യൂട്ടി കമാൻഡർ കാലാവധി തീർന്ന് സ്വരാജ്യത്തേക്കു മടങ്ങാനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പ്രതിഷേധക്കാർ ഇദ്ദേഹത്തിന്റെ വാഹനവ്യൂഹം ആക്രമിക്കുകയായിരുന്നു. യുഎൻ സേനാംഗങ്ങളെ പ്രതിഷേധക്കാർ മർദിക്കുന്ന വീഡിയോ പുറത്തുവന്നു. സേനയുടെ ഒരു വാഹനം അഗ്നിക്കരയാക്കി.
ആക്രമണം അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാരെ പിടികൂടുമെന്നും ലബനീസ് പ്രസിഡന്റ് ജോസഫ് ഔണും ലബനീസ് സേനയും വ്യക്തമാക്കി.
ഹിസ്ബുള്ള ഭീകരർക്കു ധനസഹായം ഒളിച്ചുകടത്താൻ ഇറേനിയൻ സർക്കാർ യാത്രാവിമാനങ്ങളെ ഉപയോഗിക്കുന്നുവെന്ന് ഇസ്രയേൽ ആരോപിച്ച പശ്ചാത്തലത്തിലാണ് ലബനീസ് സർക്കാർ വ്യാഴാഴ്ച രണ്ട് വിമാനങ്ങളെ മടക്കി അയച്ചത്.
ഇതേത്തുടർന്ന് ഹിസ്ബുള്ള അനുകൂലികൾ വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധം നടത്തുകയാണ്.