മൂന്ന് ഇസ്രേലി ബന്ദികളെ ഹമാസ് വിട്ടയച്ചു ; 369 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു
Sunday, February 16, 2025 12:18 AM IST
കയ്റോ: അലക്സാണ്ടർ ട്രൗഫാനോവ്, യെയിർ ഹോൺ, സാഗുയി ദെക്കൽ ചെൻ എന്നീ ഇസ്രേലി ബന്ദികളെ ഹമാസ് ഭീകരർ ഇന്നലെ മോചിപ്പിച്ചു. ഇതിനു പകരമായി ഇസ്രേലി ജയിലുകളിൽനിന്ന് 369 പലസ്തീൻ തടവുകാർ മോചിതരായി.
ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽവച്ചാണ് ഇസ്രേലികളെ മോചിപ്പിച്ചത്. പതിവുപോലെ ആയുധധാരികളായ ഹമാസ് ഭീകർ ബന്ദികളെ വേദിയിൽ പ്രദർശിപ്പിച്ചശേഷം റെഡ്ക്രോസിനു കൈമാറുകയായിരുന്നു. ഇസ്രയേലിലെത്തിയ മൂന്നു പേരും ബന്ധുക്കളുമായി സന്ധിച്ചു.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിലെ കിബ്ബുട്സ് നിർ ഓസിൽനിന്നാണ് ഈ മൂന്നു പേരെയും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.
അലക്സാണ്ടർ ട്രൗഫാനോവിനൊപ്പം അദ്ദേഹത്തിന്റെ അമ്മ, അമ്മൂമ്മ, ഗേൾഫ്രണ്ട് എന്നിവരെയും തട്ടിക്കൊണ്ടുപോയിരുന്നു. ട്രൗഫാനോവ് ഒഴികെയുള്ളവർ നേരത്തേ മോചിതരായി. ട്രൗഫാനോവിന്റെ പിതാവ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഗർഭിണിയായ ഭാര്യയെയും രണ്ടു പെൺമക്കളെയും സുരക്ഷിതമാക്കിയശേഷം ഭീകരരെ നേരിടാനിറങ്ങവേയാണ് ദെക്കൽ ചെൻ പിടിയിലായത്. അദ്ദേഹം ഗാസയിൽ ബന്ദിയായിരുന്ന സമയത്ത് ഭാര്യ മൂന്നാമത്തെ മകൾക്കു ജന്മം നല്കി. കുഞ്ഞിനെ ആദ്യമായി കാണുന്നതിലുള്ള സന്തോഷം ദെക്കൻ ചെൻ പങ്കുവച്ചു.
യെയിർ ഹോണിനൊപ്പം സഹോദരൻ ഐതനെയും ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഐതൻ മോചിതനായിട്ടില്ല.
ജനുവരി 19ന് വെടിനിർത്തൽ ആരംഭിച്ചശേഷം 19 ഇസ്രേലികളെയും അഞ്ചു തായ്ലൻഡ് പൗരന്മാരെമാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. ഇസ്രേലി ജയിലുകളിൽനിന്ന് 935 പലസ്തീൻകാർ മോചിതരായി.
ഹമാസിന്റെ കസ്റ്റഡിയിൽ 73 പേർകൂടി ഉണ്ടെന്നും ഇതിൽ പാതിക്കടുത്തു പേർ മരിച്ചിരിക്കാമെന്നും അനുമാനിക്കുന്നു.