മറുപടിയുമായി സെലൻസ്കി; “ട്രംപ് ജീവിക്കുന്നത് റഷ്യ സൃഷ്ടിച്ച വ്യാജവിവരങ്ങളുടെ ലോകത്ത്”
Thursday, February 20, 2025 1:20 AM IST
കീവ്: യുക്രെയ്ന്റെ ധാതുവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം നല്കുന്ന കരാർ അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി. കരടുകരാറിൽ അമേരിക്കയ്ക്ക് 50 ശതമാനം ഉടമസ്ഥാവകാശമാണു നിർദേശിക്കുന്നത്. കരാറിൽ യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ പരാമർശിക്കുന്നില്ല. രാജ്യത്തെ വിൽക്കാനാവില്ലെന്നു സെലൻസ്കി പത്രസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക സൈനികസഹായം നല്കുന്നതിനു പകരമായി യുക്രെയ്നിലെ പ്രകൃതിവിഭവങ്ങളിൽ അവകാശം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കാൻ സെലൻസ്കി വിസമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
യുക്രെയ്ൻ 50,000 കോടി ഡോളറിന്റെ ധാതുവിഭവങ്ങൾ അമേരിക്കയ്ക്കു നല്കണമെന്നാണു ട്രംപ് ആവശ്യപ്പെട്ടത്. എന്നാൽ, യുദ്ധത്തിന് ഇതുവരെ ആകെ ചെലവായിട്ടുള്ളത് 32,000 കോടി ഡോളറാണെന്നു സെലൻസ്കി വിശദീകരിച്ചു. ഇതിൽ 12,000 കോടി യുക്രെയ്നിലെ നികുതിദായകർ നല്കിയതാണ്. 20,000 കോടിയാണ് അമേരിക്കയും യൂറോപ്പും ചേർന്നു നല്കിയത്. ആയുധങ്ങളടക്കം അമേരിക്കയുടെ സഹായം 6,700 കോടി മാത്രമേയുള്ളൂവെന്നും സെലൻസ്കി വിശദീകരിച്ചു.
യുക്രെയ്ന്റെ നേതൃസ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്ത് മറ്റൊരാളെ അവരോധിക്കാൻ സാധിക്കില്ലെന്നു സെലൻസ്കി പറഞ്ഞു. തനിക്ക് 58 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന സർവേഫലങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
സെലൻസ്കിക്ക് നാലു ശതമാനം ജനപിന്തുണയേ ഉള്ളൂവെന്നു ട്രംപ് പറഞ്ഞിരുന്നു. റഷ്യ പടച്ചുവിടുന്ന വ്യാജവിവരങ്ങളുടെ ലോകത്താണു ട്രംപ് ജീവിക്കുന്നതെന്നാണു സെലൻസ്കി ഇതിനു മറുപടി നല്കിയത്.
യുദ്ധം തുടങ്ങിയത് യുക്രെയ്നെന്ന് ട്രംപ്
മയാമി: യുദ്ധം തുടങ്ങിയതിൽ യുക്രെയ്നെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ട്രംപ്. യുദ്ധം യുക്രെയ്ൻ തുടങ്ങരുതായിരുന്നെന്നും നേരത്തേതന്നെ റഷ്യയുമായി സമാധാന ധാരണ ഉണ്ടാക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സൗദിയിൽ നടന്ന റഷ്യ-അമേരിക്ക ചർച്ചയിൽ യുക്രെയ്നെ ക്ഷണിക്കാതിരുന്നതിൽ പ്രസിഡന്റ് സെലൻസ്കി വിമർശനം ചൊരിഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്.
ചർച്ചയിൽ ഇടം കിട്ടാത്തതിൽ യുക്രെയ്നു വലിയ അസ്വസ്ഥതയുണ്ടെന്നു ട്രംപ് പറഞ്ഞു. പക്ഷേ മൂന്നു വർഷക്കാലം അവർക്ക് യുദ്ധം അവസാനിപ്പിക്കാൻ അവസരമുണ്ടായിരുന്നു.
യുക്രെയ്നുവേണ്ടി സമാധാനധാരണ ഉണ്ടാക്കാൻ തനിക്കു കഴിയുമായിരുന്നെന്നു ട്രംപ് പറഞ്ഞു. യുക്രെയ്ന്റെ ഭൂമി നഷ്ടപ്പെടില്ലായിരുന്ന, ആരും കൊല്ലപ്പെടില്ലായിരുന്നു, ഒരു നഗരവും നശിക്കില്ലായിരുന്നു. സൗദിയിലെ ചർച്ചകൾ പ്രതീക്ഷ നല്കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
2022 ഫെബ്രുവരി 24ന് റഷ്യയാണ് യുക്രെയ്നിൽ യുദ്ധം ആരംഭിച്ചത്.