ഉന്നതവിദ്യാഭ്യാസത്തിനു വാതിൽ തുറന്ന് ഇന്ത്യയും അമേരിക്കയും
Saturday, February 15, 2025 1:40 AM IST
വാഷിംഗ്ടൺ: ഉന്നതവിദ്യാഭ്യാസ രംഗത്ത് അമേരിക്കയുമായി സഹകരിക്കാൻ ധാരണയിലെത്തി ഇന്ത്യ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സഹകരിക്കാൻ ധാരണയായത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും, വിദേശ പഠനം സുഗമമാക്കാനും, ഇന്ത്യയിൽ അമേരിക്കൻ കോളജുകളുടെ കാമ്പസുകൾ സ്ഥാപിക്കുന്നതിനുമാണ് ധാരണയിലെത്തിയിരിക്കുന്നത്.
ഈ അധ്യയനവർഷം അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 3,31,602 ആണ്. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനത്തിന്റെ വർധനവാണ് ഇക്കൊല്ലമുണ്ടായത്.
300,000-ത്തിലധികം വരുന്ന ഇന്ത്യൻ വിദ്യാർഥി സമൂഹം അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ പ്രതിവർഷം എട്ട് ബില്യൺ യുഎസ് ഡോളറിലധികം സംഭാവന ചെയ്യുന്നുണ്ടെന്നും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതായും സംയുക്തപ്രസ്താവനയിൽ ഇരുവരും പറഞ്ഞു.
ലോസ് ഏഞ്ചൽസിലും ബോസ്റ്റണിലും പുതിയ ഇന്ത്യൻ കോൺസുലേറ്റുകൾ ഉടൻ തുറക്കുമെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.