ഫ്രാൻസിസ് മാർപാപ്പ നന്നായി ഉറങ്ങി, ചികിത്സ ആരംഭിച്ചു: വത്തിക്കാൻ
Sunday, February 16, 2025 12:18 AM IST
റോം: ബ്രോങ്കൈറ്റിസിനു ചികിത്സ ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിലെ ആദ്യരാത്രി ശാന്തമായി ചെലവഴിച്ചു. അദ്ദേഹം നന്നായി ഉറങ്ങിയെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി ഇന്നലെ രാവിലെ അറിയിച്ചു. രാവിലെ ഭക്ഷണം കഴിച്ച മാർപാപ്പ തുടർന്ന് പത്രം വായിച്ചു.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മാർപാപ്പ അന്നു വൈകിട്ട് വിവിധ പരിശോധനകൾക്കു വിധേയനായി. അദ്ദേഹത്തിന്റെ ശ്വസനാവയവങ്ങളിൽ അണുബാധ ഉണ്ടെന്നാണ് പരിശോധനകൾ സൂചിപ്പിക്കുന്നത്.
മാർപാപ്പ മരുന്നു കഴിക്കാൻ തുടങ്ങി. അദ്ദേഹത്തിന് പനി ബാധിച്ചിട്ടുണ്ടെങ്കിലും ഗുരുതരമല്ല. മാർപാപ്പ ശാന്തനും ഊർജസ്വലനുമാണെന്നും മത്തെയോ ബ്രൂണി കൂട്ടിച്ചേർത്തു.
ഒരാഴ്ചയിലധികമായിട്ടും ബ്രോങ്കൈറ്റിസ് ശമിക്കാത്ത പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപാപ്പ രണ്ടു വർഷമായി പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഡിസംബർ മധ്യം മുതൽ ശ്വാസകോശ രോഗങ്ങൾ അലട്ടുന്നുണ്ട്.