ചങ്ങലയും കൈവിലങ്ങും; വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്
Thursday, February 20, 2025 1:20 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽനിന്നു നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ പങ്കുവച്ച് വൈറ്റ് ഹൗസ്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങും ചങ്ങലയും അണിയിച്ച് നാട്ടിലെത്തിച്ചതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണു ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ട് ആളുകളെ വിമാനത്തിലേക്കു കയറ്റുന്നതിന്റെ 41 സെക്കൻഡുള്ള വീഡിയോയാണു പുറത്തുവന്നത്. ഒരു പെട്ടിയിൽനിന്നു നിരവധി ചങ്ങലകളും കൈവിലങ്ങുകളും സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നതും കാണാം. എന്നാൽ, ആരുടെയും മുഖം വെളിപ്പെടുത്തിയിട്ടില്ല. ടെസ്ല സിഇഒ ഇലോൺ മസ്ക് വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
തങ്ങളെ വിലങ്ങും ചങ്ങലയിട്ടുമാണ് നാട്ടിലെത്തിച്ചതെന്ന് രണ്ടു വിമാനങ്ങളിലെത്തിയ ഇന്ത്യക്കാർ വെളിപ്പെടുത്തിയിരുന്നു. സിക്ക് മതവിശ്വാസികളെ തലപ്പാവ് അണിയാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. മൂന്നു വിമാനങ്ങളിലായി 332 ഇന്ത്യക്കാരെയാണ് അമൃത്സറിലെത്തിച്ചത്.