യഹൂദർക്കെതിരേ ഭീഷണി: ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി
Sunday, February 16, 2025 2:06 AM IST
സിഡ്നി: ഓസ്ട്രേലിയയിൽ യഹൂദർക്കെതിരേ ഭീഷണി മുഴക്കിയ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി.
ന്യൂസ് സൗത്ത് വെയിൽസിലെ ബാങ്ക്സ്ടൗൺ ആശുപത്രിയിലെ നഴ്സുമാരായ അഹമ്മദ് നാദിർ, സാറ അബു ലെബ്ഡെ എന്നിവരെയാണു ജോലിയിൽനിന്നു പുറത്താക്കിയത്.
രാജ്യത്ത് ഇനി ഇവർക്കു ജോലി നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവർക്കുമെതിരേ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി വീടുകളിൽ റെയ്ഡ് നടത്തി.
യഹൂദർ ചികിത്സയ്ക്കു വന്നാൽ അവരെ ചികിത്സിക്കില്ലെന്നും അവരെ തങ്ങൾ കൊല്ലുമെന്നും ഭീഷണി മുഴക്കി ടിക് ടോക്കിൽ പങ്കുവച്ച വീഡിയോയാണ് ഇരുവരെയും കുടുക്കിയത്. വീഡിയോ വിവാദമായതോടെ ഇരുവരും മാപ്പു പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
യഹൂദവിരോധം നടത്തുന്ന എല്ലാ ഉള്ളടക്കവും പ്രവർത്തനവും കർശനമായി ഓസ്ട്രേലിയ നിരോധിച്ചിരുന്നു. ഹമാസ് അനുകൂലികൾക്കും ഓസ്ട്രേലിയയിൽ കർശന നിരോധനമുണ്ട്. ഇതു ലംഘിച്ച 200 ഓളം പേരെ പിടികൂടുകയും ചെയ്തിരുന്നു.