യുക്രെയ്നിൽ സമാധാനസേനയെ വിന്യസിക്കാമെന്ന് ബ്രിട്ടൻ
Tuesday, February 18, 2025 1:04 AM IST
പാരീസ്: യുദ്ധാനന്തര യുക്രെയ്നിൽ സമാധാനസേനയെ വിന്യസിക്കാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. യുക്രെയ്ൻ വിഷയത്തിൽ ഇന്നലെ പാരീസിൽ ചേർന്ന അടിയന്തര യോഗത്തിനു മുന്പാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമാധാനസേനയെ അയയ്ക്കാൻ തയാറാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണും പറഞ്ഞു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുമായി ഏകപക്ഷീയ ചർച്ചകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്നലെ പാരീസിൽ യൂറോപ്യൻ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേർത്തത്. ബ്രിട്ടൻ, ജർമനി, പോളണ്ട്, സ്പെയിൻ, നെതർലൻഡ്സ്, ഡെന്മാർക്ക് എന്നിവിടങ്ങളിലെ നേതാക്കൾ പങ്കെടുത്തു.
യുക്രെയ്ന്റെ സുരക്ഷയ്ക്ക് യൂറോപ്പ് പ്രത്യേക പദ്ധതി തയാറാക്കണമെന്ന അഭിപ്രായം നേതാക്കൾ പ്രകടിപ്പിച്ചതായി സൂചനയുണ്ട്. സമാധാനസേനയെ വിന്യസിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്.