റഷ്യൻ ഹാക്കർമാർ ഇറ്റാലിയൻ സൈറ്റുകൾ ഹാക്ക് ചെയ്തു
Wednesday, February 19, 2025 1:21 AM IST
മിലാൻ: റഷ്യയെ അനുകൂലിക്കുന്ന ഹാക്കർ സംഘം ഇറ്റലിയിലെ സർക്കാർ വെബ്സൈറ്റുകൾക്കു നേരേ ആക്രമണം അഴിച്ചുവിട്ടു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നാസികളുടെ ആക്രണങ്ങൾക്കു തുല്യമാണെന്നു പ്രസംഗിച്ച ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മറ്റാറെല്ലയോടുള്ള പ്രതികരണമാണിതെന്നു സംഘം പറഞ്ഞു.
പ്രതിരോധ, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുടെ വെബ്സൈറ്റുകൾക്കു പുറമേ ലോ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സൈറ്റുകളെയും തങ്ങൾ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് ഇവർ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു. രാജ്യത്തെ ബാങ്കുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഗതാഗത ഏജൻസികൾ എന്നിവയ്ക്കുനേരേയും ആക്രമണമുണ്ടായെങ്കിലും കാര്യമായ പ്രശ്നങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല.
ഈ മാസം അഞ്ചിന് ഫ്രാൻസിൽ നടത്തിയ പ്രസംഗത്തിലാണ് മറ്റാറെല്ല റഷ്യൻ വിരുദ്ധ പരാമർശം നടത്തിയത്. സൈബർ ആക്രമണങ്ങളെക്കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല.