പരസ്പര നികുതി: ഇന്ത്യക്ക് ഇളവില്ലെന്ന് ആവർത്തിച്ച് ട്രംപ്
Thursday, February 20, 2025 1:20 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ കൂടുതലായി ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള വ്യാപാരക്കരാറിലൂടെ പരസ്പര നികുതി (റസിപ്രോക്കല്‍ താരിഫ്) ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാട്.
ഇന്ത്യക്കു നികുതിയിളവ് നല്‍കാമെന്ന് ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തിടെ നടത്തിയ ചര്‍ച്ചയെക്കുറിച്ചും ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ ട്രംപ് വിശദീകരിച്ചു. ട്രംപിനൊപ്പം ഇലോണ്‍ മസ്കും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
വിദേശവ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ ഇറക്കുമതിക്കു ചുമത്തുന്ന നികുതിക്കു സമാനമായ താരിഫ് ഈ രാജ്യങ്ങള്‍ക്കും ചുമത്തുന്ന രീതിയുമായി മുന്നോട്ടു പോകുമെന്ന് ട്രംപ് അഭിമുഖത്തിൽ ആവർത്തിച്ചു. ചില യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടില്‍ തീരുവ ചുമത്തുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മോദിയെ അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം നികുതി ചുമത്തുന്നു എന്ന് ഇലോണ്‍ മസ്ക് ഇതിനിടെ പറയുന്നുണ്ട്. താരിഫ് വിഷയത്തില്‍ ആരും തന്നോടു തര്‍ക്കിക്കാന്‍ വരേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ 25 ശതമാനം നികുതി പറഞ്ഞാല്‍ അവര്‍ അധികമെന്നു പറയുന്നു. ഇനി അങ്ങനെ പറയുന്നില്ല. അവര്‍ എന്ത് ചുമത്തുന്നോ അത് തങ്ങളും ചുമത്തും- ട്രംപ് നിലപാട് വ്യക്തമാക്കി. ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ യുഎസിന്റെ കടുത്ത സമ്മര്ദത്തത്തുടര്ന്ന് ഇന്ത്യ പുനഃപരിശോധിക്കാന്‍ ആലോചിക്കുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്തിനാണ് ഇന്ത്യക്കു പണം നൽകുന്നത്?
ന്യൂയോർക്ക്: വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്ക് സഹായം നൽകിവന്നതിനെ ചോദ്യംചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്തിനാണ് ഇന്ത്യക്ക് സഹായം ചെയ്യുന്നതെന്നു ചോദിച്ച ട്രംപ് ലോകത്ത് ഏറ്റവും ഉയർന്ന തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും കുറ്റപ്പെടുത്തി. ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവ മൂലം അവിടെ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ട്രംപ് വിമർശിച്ചു.
വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി യുഎസ്എഐഡി തെരഞ്ഞെടുപ്പു കമ്മീഷനു നൽകിവന്ന 21 കോടി ഡോളറിന്റെ സഹായം എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ് (ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ്) നിർത്തലാക്കിയിരുന്നു. ഇതിനെ ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പരാമർശം. ഇന്ത്യയോടും പ്രധാനമന്ത്രിയോടും ബഹുമാനമുണ്ട്. എന്നാൽ എന്തിനാണ് ഇന്ത്യയിലെ വോട്ടർമാരെ ബോധവത്കരിക്കാൻ അമേരിക്ക പണം നൽകുന്നതെന്ന് ട്രംപ് ചോദിച്ചു.
മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ്, യുഎസ് മറ്റു രാജ്യങ്ങൾക്കു നൽകിവന്ന രാജ്യാന്തര സഹായങ്ങൾ പട്ടികപ്പെടുത്തിയിരുന്നു. ഇതിലാണ് ഇന്ത്യക്കു നൽകിവന്ന സഹായവും ഉൾപ്പെട്ടിരുന്നത്.
മസ്ക് പട്ടികപ്പെടുത്തിയ ഇനങ്ങളെല്ലാം റദ്ദാക്കി. ബംഗ്ലാദേശിനു നൽകിവന്ന 29 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം, നേപ്പാളിനു നൽകിവന്ന 19 ദശലക്ഷം യുഎസ് ഡോളർ സഹായം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.